ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ആദ്യഘട്ടം ഉപരോധം ഇന്ന് നിലവില്‍ വരും

0

വാഷിംഗ്‍ടണ്‍: ആണവ നിരായുധീകരണ പ്രക്രിയ നടപ്പാക്കിയില്ലെന്നാരോപിച്ച്‌ ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ആദ്യഘട്ടം ഉപരോധം ഇന്ന് നിലവില്‍ വരും. യുഎസ് ഡോളറും സ്വര്‍ണവും ലോഹവും വിപണനം നടത്തുന്നതിന് ഇതോടെ ഇറാന് സാധ്യമാകാതെ വരും. ഇതിനിടയില്‍ മുന്‍ ധാരണകളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് ഇറാന്‍ തള്ളി.

ഇറാനുമായുള്ള ആണവ ഉടന്പടിയില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച ശേഷം അമേരിക്ക നടപ്പില്‍ വരുത്തുന്ന സാമ്ബത്തിക ഉപരോധമാണ് ഇന്ന് പ്രാബല്യത്തിലാകുന്നത്. രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള ഉപരോധങ്ങളുടെ ആദ്യഘട്ടം നടപ്പിലാകുന്നതോടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. യുഎസ് ഡോളര്‍ വാങ്ങുന്നതിനും സ്വര്‍ണവും ലോഹവും വിപണനം നടത്തുന്നതിനും ഇന്ന് മുതല്‍ ഇറാനാവില്ല.

ഇതിനുള്ള ഉത്തരവില്‍ ഇന്നലെ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കയുടെ നടപടി ആശങ്ക ഉണ്ടാക്കുന്നതാണെങ്കിലും കീഴ്പ്പെടാനില്ല എന്ന നിലപാടിലാണ് ഇറാന്‍. മുന്‍ ധാരണകളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ട്രംപിന്‍റെ നിലപാട് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി തള്ളിയത് ഇതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഒരാളുടെ നെഞ്ചില്‍ കുത്തുകയും കഠാര അവിടെ തന്നെ വയ്ക്കുകയും ചെയ്ത ശേഷം അയാളുമായി എങ്ങിനെ ചര്‍ച്ച നത്താനാവുമെന്ന് ഒരു വിദേശ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ റൂഹാനി ചോദിച്ചു. വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു ഭരണകൂടവുമായി ഒരു ചര്‍ച്ചയ്ക്കും സന്നദ്ധമല്ലെന്നും റൂഹാനി വ്യക്തമാക്കി. ഇറാന്‍ വഴങ്ങുകയും ആണവ നിരായുധീകരണം പൂര്‍ണമായ തോതില്‍ നടപ്പിലാക്കുകയും ചെയ്തില്ലെങ്കില്‍ നവംബറോടെ രണ്ടാംഘട്ട ഉപരോധം നേരിടേണ്ടി വരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.