കുവൈറ്റില്‍ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിസ അനുവദിക്കില്ല

0

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി രണ്ട് വര്‍ഷത്തേക്ക് തൊഴില്‍ വിസ അനുവദിക്കില്ല. തൊഴിലാളികള്‍ക്കിടയിലും മറ്റുമായ് വര്‍ധിച്ചു വരുന്ന നിയമലംഘനം തടയുന്നതിന്‍റെ ഭാഗമായാണ് മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ തീരുമാനം. ഒപ്പം തൊഴിലുടമയിടെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടായാല്‍ സ്ഥാപനവുമായി ബന്ധപ്പെട്ട ഫയല്‍ മരവിപ്പിക്കും എന്നും അതോറിറ്റി അറിയിച്ചു.
അതോറിറ്റി മരവിപ്പിക്കുന്ന നിയമലംഘകരുടെ ഫയലുകള്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം മാത്രമേ കൈകാര്യം ചെയ്യാനാകൂ. അതേസമയം, പ്രശ്നത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിന് ഫയലുകള്‍ മരവിപ്പിച്ച നടപടി താല്‍ക്കാലികമായി റദ്ദുചെയ്യാന്‍ മാന്‍പവര്‍ അതോറിറ്റിയിലെ ഭരണനിര്‍വഹണ ഡയറക്ടര്‍ക്ക് അവകാശമുണ്ടാകും. എന്നാല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഫയലുകള്‍ സ്ഥിരമായി മരവിപ്പിക്കുന്നതാണ എന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം ഒരു ലൈസന്‍സിയുടെ കീഴില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട അവസാന ജീവനക്കാരനും സ്ഥാപനത്തില്‍ അവശേഷിക്കുന്നുവെങ്കില്‍ കമ്ബനിയുടെ ആസ്ഥാനം അടച്ചുപൂട്ടരുതെന്നും തൊഴിലുടമകള്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി. പ്രസ്തുത തൊഴിലാളിയുമായി ബന്ധപ്പെട്ട എന്തെങ്കിലും തൊഴില്‍ പ്രശ്നം ഉത്ഭവിച്ചാല്‍ കമ്ബനി ആസ്ഥാനം പരിശോധിക്കാന്‍ അതോറിറ്റിക്കുള്ള അവകാശം വിനിയോഗിക്കാന്‍ വേണ്ടിയാണത്. തൊഴിലിടത്തില്‍ അറിയിപ്പില്ലാതെ തുടര്‍ച്ചയായി ഏഴു ദിവസം ഹാജരാകാത്ത തൊഴിലാളിക്കെതിരെ പരാതി നല്‍കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടാകും എന്നും അതോറിറ്റി വ്യക്തമാക്കി.

Leave A Reply

Your email address will not be published.