നടന്‍ വിക്രമിന്‍റെ മകന്‍ അറസ്റ്റില്‍

0

ചെന്നൈ: അമിത വേഗത്തില്‍ കാറോടിച്ച്‌ അപകടം വരുത്തിയ കേസില്‍ നടന്‍ വിക്രമിന്‍റെ മകന്‍ ധ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ധ്രുവും മറ്റു രണ്ടു കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ അപകടത്തില്‍പ്പെട്ടത്. മന്ദവേലിയില്‍നിന്ന് ടി.ടി.കെ. റോഡ് വഴി ആര്‍.കെ.ശാലയിലേക്ക് വരുമ്ബോഴായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന ധ്രുവിന്‍റെ കാര്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ നിയന്ത്രണംവിട്ട കാര്‍ പിന്നീട് തേനാംപേട്ട് നടപ്പാതയില്‍ ഇടിച്ചുനിന്നു.

അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്നാണ് ധ്രുവിനേയും മറ്റു രണ്ടു കൂട്ടുകാരും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.അമിതവേഗത്തില്‍ വാഹനമോടിച്ചു, പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാകുന്ന വിധം പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. അപകടത്തില്‍ കാറിന്‍റെ ഭാഗവും പിന്‍ഭാഗവും തകര്‍ന്നിരുന്നു. ഓട്ടോറിക്ഷയുടെ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കാമേഷ് ചികിത്സയിലാണ്.

Leave A Reply

Your email address will not be published.