അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ; പ്രളയം കേരളത്തെ തകര്‍ത്തെറിയുന്നു

0

്പ്രളയം ഏറെ ബാധിച്ചിരിക്കുന്നത് പത്തനംതിട്ട ജില്ലയെയാണ്. പമ്പാതീരം കരകവിഞ്ഞതിനെ തുടര്‍ന്ന് റാന്നി മുതല്‍ ആറന്മുള വരെ വെള്ളക്കെട്ടിലാണ്. രണ്ടാം നിലയിലേക്ക് വരെ വെള്ളം ഉയര്‍ന്നിരിക്കുന്നതിനാല്‍ പലരും ഒറ്റപ്പെട്ടു കിടക്കുകയാണ്. രക്ഷാ പ്രവര്‍ത്തനങ്ങളുമായി നാവികസേനയും ഫയര്‍ഫോഴ്‌സും രംഗത്തുണ്ട്. കോഴിക്കോട്, ഇടുക്കി, പാലക്കാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടി. നെന്മാറ അളവുശ്ശേരി കാട്ടില്‍ ഉരൂള്‍പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചു പോയി. കോഴിക്കോട് മലയോര മേഖലയില്‍ മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞ് മാവൂര്‍ ഊര്‍ക്കടവില്‍ ഒരു കുട്ടി മരിച്ചു. ഒരാള്‍ ഇപ്പോഴം മണ്ണിനടിയിലാണ്. നാലുപേരെ രക്ഷപ്പെടുത്തി. കൊട്ടാരക്കര-ഡിണ്ടിഗല്‍ പാതയിലും മണ്ണിടിച്ചിലാണ്.

ഇടുക്കിയില്‍ വൈദ്യൂതി ടെലിഫോണ്‍ ബന്ധങ്ങള്‍ തടസ്സപ്പെട്ടു. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് പോകുകയാണ്. 2401. 2 അടിയായി ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാറില വെള്ളം 142 അടിയായി ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് വെള്ളം കൊണ്ടുപോകുകയും ഷട്ടര്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം തുറന്നു വിട്ടതോടെ ഉപ്പുതറയില്‍ ചപ്പാത്തില്‍ പാലത്തിന് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നു. കട്ടപ്പനയിലേക്കുള്ള ഗതാഗതം നിലച്ച നിലയിലാണ്. ചെറുതോണിയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പലയിടത്തും ആള്‍ക്കാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പലയിടങ്ങളിലായി മണ്ണിടിച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്നലെ നാലുപേരെ കാണാതായ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പെരിയാറിലും ഭാരതപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്ന സ്ഥിതിയാണ്. തീരങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. പെരിയാറിന്റെ തീരപ്രദേശമായ ആലുവ കമ്പനിപ്പടിയില്‍ ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന ഗതാഗതം നിലച്ചു. കൊച്ചിനഗരം സുരക്ഷിതമാണെങ്കിലം അതിര്‍ത്തിഭാഗങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്. കമ്പനിപ്പടിയില്‍ ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഭാഗികമായി ഗതാഗതം നിലച്ചു. വടക്കന്‍ പ്രദേശങ്ങളിലേക്ക് പോകുന്ന ഇടം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. നഗരത്തിലേക്ക് വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.

മെട്രോ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ട്രെയിന്‍ ഗതാഗതം നിലച്ചു കിടക്കുകയാണ്. നഗരത്തിനടുത്തുള്ള പെരിയാറിന്റെ കൈവഴിയായ മുട്ടാറും കരകവിഞ്ഞു. ആലുവ പ്രദേശങ്ങളില്‍ പെരിയാറിന്റെ പല കൈവഴികളും നിറഞ്ഞു കവിഞ്ഞു. രാവിലെ മൂന്ന് മണിക്കുര്‍ മഴ തോര്‍ന്നു നിന്ന ശേഷം ശക്തമായ കാറ്റും മഴയും ഇവിടെ ഉണ്ടായിരിക്കുകയാണ്. നിരവധിപേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും മാറ്റേണ്ടി വന്നിരിക്കുകയാണ്. ആലുവയ്ക്കും ചാലക്കുടിയ്ക്കുമിടയിലെ ട്രെയിന്‍ ഗതാതം നിര്‍ത്തി.

വയനാട്ടില്‍ മഴ തുടരുകയാണ്. പിലാക്കാവില്‍ മണ്ണിടിഞ്ഞുകൊണ്ടിരികകുന്നു. രണ്ടു ചുരങ്ങളിലും കോഴിക്കോട് താമരശ്ശേരി ചുരത്തിലും മണ്ണിടിഞ്ഞു. ബാണാസുരസാഗര്‍ 285 സെന്റീമീറ്ററായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ എല്ലായിടത്തും വലിയ മഴയാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 100 സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാണ്. 158 ക്യാമ്പുകളിലായി 21000 പേരാണ് കഴിയുന്നത്.

ഇന്നലെ ഉച്ചമുതല്‍ തുടര്‍ച്ചയായ മഴയാണ്. തലശ്ശേരി-മാനന്തവാടി റോഡില്‍ വെളളക്കെട്ട് രൂക്ഷമാണ് മണ്ണിടിച്ചിലും തുടരുന്നു. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ 500 ലധികം വീടുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. നഗരത്തില്‍ വീടിനുള്ളില്‍ കുടുങ്ങിപ്പോയ കൂടുതല്‍ ആളുകളെ ചെറുബോട്ടുകളിലായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നലെ മഴ മാറി നിന്നതോടെ തിരുവനന്തപുരത്ത് വെള്ളക്കെട്ടുകള്‍ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്്. നിറഞ്ഞു കവിഞ്ഞ് ഒഴുകുന്ന ആറുകളിലും ജലനിരപ്പ് താഴ്ന്നു. ദുരിതാശ്വാസ ക്യാമ്പില്‍ ആള്‍ക്കാര്‍ തുടരുകയാണ്. വെള്ളം പൂര്‍ണ്ണമായും ഇറങ്ങിയ ശേഷം വീടുകളിലേക്ക് മടങ്ങാനാണ് ഇവരുടെ പദ്ധതി. അതേസമയം കനത്ത മഴ അടുത്ത ദിവസം കൂടി തുടരുമെന്ന അറിയിപ്പില്‍ പലരും ആശങ്കയിലാണ്.

Leave A Reply

Your email address will not be published.