കേരളം പ്രളയക്കെടുതിയില്‍

0

ഇടുക്കി: ചെറുതോണി ഡാം തുറന്നു വിട്ടതിന് പിന്നാലെ മഴവീണ്ടും കനത്തതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും കടുത്ത പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുന്ന കേരളത്തിന് ഇടുക്കിയില്‍ പരമാവധി സംഭരണ ശേഷിയിലേക്ക് നീരൊഴുക്ക് വീണ്ടും ഉയരുന്നതും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതും കേരളത്തെ ഏറെ വിഷമിപ്പിക്കുകയാണ്.

മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2401. 2 അടിയായി ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നത് ഡാമിലേക്കുള്ള നീരൊഴുക്കിനെ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്ന് ജലനിരപ്പ് ക്രമീകരിച്ചിരുന്നു.

ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട് പിണറായി വിജയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം തുറന്നു വിട്ടതോടെ ഉപ്പുതറയില്‍ ചപ്പാത്തില്‍ പാലത്തിന് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നു.

കട്ടപ്പനയിലേക്കുള്ള ഗതാഗതം നിലച്ച നിലയിലാണ്. പീരുമേടിനും വണ്ടിപ്പെരിയാറിനുമിടയില്‍ വാഹനങ്ങള്‍ കുടുങ്ങി. കഴിഞ്ഞ ദിവസം അഞ്ചു ഷട്ടറുകളും ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ച ഇടുക്കിയിലും ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് ഉയരുകയാണ്.

ജില്ലയില്‍ പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈദ്യൂതി ടെലിഫോണ്‍ ബന്ധങ്ങള്‍ തടസ്സപ്പെട്ടതോടെ ചെറുതോണി ഒറ്റപ്പെട്ട അവസ്ഥയിലാണ്. പലയിടങ്ങളിലായി മണ്ണിടിച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും നാലുപേരെ കാണാതായ സംഭവവും റിപ്പോര്‍ട്ട് ചെ്‌യ്തിട്ടുണ്ട്. പെരിയാര്‍ കവിഞ്ഞൊഴുകുകയാണ്. തീരത്തെ പലയിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്.

Leave A Reply

Your email address will not be published.