എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം കേരളത്തിനു സഹായമായി നല്‍കണമെന്ന് ഉപരാഷ്ട്രപതി

0

ന്യൂഡല്‍ഹി: എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം പ്രളയക്കെടുതി നേരിടുന്ന കേരളത്തിനു സഹായമായി നല്‍കണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ എം വെങ്കയ്യനായിഡുവും ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജനും അഭ്യര്‍ഥിച്ചു. ഉപരാഷ്ട്രപതിയും, അദ്ദേഹത്തിന്‍റെ ഓഫീസിലെയും രാജ്യസഭയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ലോക്സഭ സ്പീക്കറും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കും. ആന്ധ്രപ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും ചേര്‍ന്ന് 20 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എംപിമാരുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് ഉദാരമായി സംഭാവന നല്‍കാനും ഇരുവരും ആഹ്വാനം ചെയ്തു. ഇക്കാര്യം അഭ്യര്‍ഥിച്ച്‌ എംപിമാര്‍ക്ക് കത്തെഴുതുമെന്ന് ഉപരാഷ്ട്രപതിയുടെ വസതിയില്‍ ചേര്‍ന്ന അവലോകനയോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ചട്ടപ്രകാരം, ഗുരുതരസ്വഭാവമുള്ളതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകൃതിദുരന്തങ്ങളുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി എംപി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ വരെ അനുവദിക്കാന്‍ കഴിയും. തുക അനുവദിച്ച്‌ ഒരു മാസത്തിനകം പദ്ധതിയുടെ നിര്‍മാണം തുടങ്ങുകയും എട്ട് മാസത്തിനകം പൂര്‍ത്തീകരിക്കുകയും ചെയ്യണമെന്നും ചട്ടത്തില്‍ പറയുന്നുണ്ട്. ഇരുസഭകളിലുമായി നിലവില്‍ 778 അംഗങ്ങളുണ്ട്; ലോക്സഭയില്‍ 534, രാജ്യസഭയില്‍ 244.

Leave A Reply

Your email address will not be published.