കേരളം പുനർനിർമിക്കാൻ മലയാളികൾ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: മഴക്കെടുതികളിലും പ്രളയത്തിലും തകർന്നുപോയ കേരളം പുനർനിർമിക്കാൻ മലയാളികൾ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകമെമ്പാടുമുള്ള മലയാളികൾ അവരുടെ ഒരുമാസത്തെ ശമ്പളം നാടിന്‍റെ പുനർനിർമ്മാണത്തിന് നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. അങ്ങനെയുള്ളവർ, മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസതവണയായി നൽകാൻ ശ്രമിക്കണമെന്നും പ്രവാസി മലയാളികൾ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണം. സർക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നൽകുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയെയും മുറിച്ചു കടക്കാൻ കഴിയും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ല.

ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. അതേക്കുറിച്ച് ചിന്തിക്കണം. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസതവണയായി നൽകാമല്ലോ. പ്രവാസി മലയാളികൾ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാൻ ശ്രമിക്കണം.

Leave A Reply

Your email address will not be published.