ദുരിതബാധിതര്‍ക്കായെത്തിയ അവശ്യവസ്തുക്കള്‍ വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്നു

0

തിരുവനന്തപുരം : പ്രളയബാധിതര്‍ക്കായി വിദേശരാജ്യങ്ങളില്‍ നിന്നടക്കം അയച്ച അവശ്യവസ്തുക്കള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്നു. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചിട്ട് പോലും ദുരിതാബാധിതരിലേക്ക് എത്തണ്ട അവശ്യ സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിട്ടു നല്‍കുന്നില്ലെന്നാണ് പരാതി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഇവ വിട്ടു നല്‍കാത്തതെന്നാണ് ആരോപണം.

അധികൃതരുടെ കടുംപിടിത്തം മൂലം ടണ്‍കണക്കിന് സാധനങ്ങളാണ് വിമാനത്താവളത്തിലെ കാര്‍ഗോ സെന്ററില്‍ കെട്ടിക്കിടക്കുന്നത്. സാധനങ്ങള്‍ ഏറ്റെടുക്കാന്‍ വടക്കന്‍ ജില്ലകളില്‍ നിന്നടക്കം ദിവസങ്ങളായി ആളുകള്‍ വന്ന് കാത്തിരിക്കുന്നുണ്ടെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. നിരവധി പേരാണ് സമാന അവസ്ഥയില്‍ കാര്‍ഗോ സെന്ററിന് മുന്നില്‍ കാത്തുനില്‍ക്കുന്നത്. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഗോ സെന്ററില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് തുടങ്ങിയെങ്കിലും അതും ഫലപ്രദമല്ല. സാങ്കേതികത ചൂണ്ടിക്കാട്ടി സാധനങ്ങള്‍ വിട്ടു നല്‍കാന്‍ വൈകുന്നതോടെ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ആഹാരസാധനങ്ങള്‍ പലതും കേടായി നശിക്കുകയാണ്.

ദുരിതബാധിതര്‍ക്കായെത്തിയ സാധനങ്ങള്‍ റെയില്‍വെ സ്റ്റേഷനുകളിലും കെട്ടിക്കിടക്കുന്നതായി കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നിരുന്നു. യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ ഇവ വിട്ടു നല്‍കു എന്ന ഉറച്ച നിലപാടിലാണ് റെയില്‍വെ. രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ കാണിച്ചിട്ടും അധികൃതര്‍ വഴങ്ങിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അരി, ബിസ്‌കറ്റ്, പാല്‍പ്പൊടി അടക്കമുള്ള സാധനങ്ങളാണ് ഇത്തരത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നത്.

Leave A Reply

Your email address will not be published.