പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല : രാഹുല്‍ ഗാന്ധി

0

കൊച്ചി : പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രളയബാധിത മേഖലയായ ഇടുക്കി സന്ദര്‍ശനത്തിന് പോകുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുലിന്റെ വാക്കുകള്‍. ദുരിതം അനുഭവിക്കുന്നവരുടെ അവസ്ഥ നേരില്‍ക്കണ്ട് അവര്‍ക്കൊപ്പം ഉണ്ടെന്നറിയിക്കാനാണ് ഇവിടെയെത്തിയത്. സമാനതകളില്ലാത്ത ദുരന്തത്തിലൂടെ കടന്നു പോയ ജനങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്ന് പറഞ്ഞ രാഹുല്‍, കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ഉണ്ടാകണമെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും വ്യക്തമാക്കി.

പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്.ആലപ്പുഴയിലെ വിവിധ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച അദ്ദേഹം ഇന്ന് വയനാട് സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റദ്ദു ചെയ്തു.

നിലവില്‍ കൊച്ചിയിലുള്ള അദ്ദേഹം ഇനി ഇടുക്കിയിലേക്ക് തിരിക്കും. ഇവിടെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും. ചെറുതോണിയില്‍ തകര്‍ന്ന പാലം, ഇടുക്കി അണക്കെട്ട് എന്നിവ കാണാനും രാഹുല്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.