എടിഎം കവർച്ച പരമ്പരയ്ക്ക് പിന്നിൽ പ്രൊഫഷണൽ മോഷണ സംഘം

0

കൊച്ചി: സംസ്ഥാനത്തെ വിവിധ എടിഎമ്മുകളിൽ നടന്ന കവർച്ചാ പരമ്പരയ്ക്ക് പിന്നിൽ പ്രൊഫഷണൽ മോഷ്ടാക്കളെന്നാണ് പൊലീസ് നിഗമനം. മൂന്നര മണിക്കൂർ കൊണ്ട് അഞ്ചോളം എടിഎമ്മുകൾ കവർച്ച ചെയ്യാനായിരുന്നു സംഘത്തിന്റെ ഉദ്ദേശം. മുൻപ് നടന്ന എടിഎം കവർച്ചാ കേസുകളിലും പ്രതികൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന കവർച്ചയിൽ കൊരട്ടിയിൽ നിന്നും 10 ലക്ഷം രൂപയും കൊച്ചി ഇരുമ്പനത്തെ എടിഎമ്മിൽ നിന്നും 25 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

കൊച്ചി ഇരുമ്പനത്തേയും തൃശൂർ കൊരട്ടിയിലേയും മോഷണത്തിന് സമാനമായ സ്വഭാവമുള്ള മുൻപ് നടന്ന കവർച്ചകൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സമാന സ്വഭാവം വ്യക്തമായാൽ എല്ലാ കേസുകളും കൂടി ഒരേ സംഘമായിരിക്കും അന്വേഷണം നടത്തുക. എന്നാൽ പ്രതികൾ സംസ്ഥാനം വിട്ടതായി ഇന്നലെതന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കണ്ടെത്തിയിരുന്നു.

കവർച്ചയ്ക്കായി വിപുലമായ മുന്നൊരുക്കങ്ങളാണ് ഉത്തരേന്ത്യൻ സംഘം നടത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സംഘം എടിഎം കൗണ്ടറുകളെല്ലാം തകർത്തത്. കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും കോട്ടയത്ത് രണ്ടിടങ്ങളിലുമാണ് എടിഎം കവർച്ച നടന്നത്. പുലർച്ചെ ഒരു മണിക്ക് തന്നെ മോഷണ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കോട്ടയം കുറിവിലങ്ങാടുള്ള മോനിപ്പള്ളി, വെമ്പള്ളി എന്നിവടങ്ങളിൽ ക്യാമറയിൽ സ്പ്രേ പെയിന്റ് ചെയ്യുന്നത് പരിശീലിച്ച് നോക്കിയിരുന്നു. പിന്നീട് ഇരുമ്പനത്ത് എത്തിയ സംഘം എസ്.ബി.ഐ എ.ടിഎമ്മില്‍ പുലര്‍ച്ചെ 3.22 നാണ് കവര്‍ച്ച നടന്നത്. എ.ടി.എം യന്ത്രം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തശേഷമായിരുന്നു കവര്‍ച്ച. നാലു ട്രേകളിലായി സൂക്ഷിച്ച 25 ലക്ഷം രൂപയാണ് ഇവിടുന്ന് നഷ്ടമായത്. 500ന്റെ നോട്ടുകളായിരുന്നു ഏറിയ പങ്കും. എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറകള്‍ സ്‌പ്രേ പെയിന്റ് പൂശിമറച്ചതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും വ്യക്തത കുറവാണ്.

പുലർച്ചെ 3.30ന് കളമശേരി എസ്ബിഐയുടെ എടിഎമ്മിലും കവർച്ചാ ശ്രമം നടന്നു. എന്നാൽ അലാറം അടിച്ചതിനാൽ സംഘം ഒാടി രക്ഷപെടുകയായിരുന്നു. തൃശ്ശൂര്‍ കൊരട്ടിയില്‍ ദേശീയ പാതയോരത്തെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എ ടി എമ്മില്‍ കവര്‍ച്ച നടന്നത് പുലര്‍ച്ചെ 4.50 ന്. ബാങ്കിനോട് ചേര്‍ന്നാണ് എ ടി എം. മൂന്നംഗ സംഘം ഇരുമ്പനത്തേതിന് സമാനമായി സി സി ടി വി ക്യാമറയില്‍ പെയിന്റ് സ്‌പ്രേ ചെയ്ത ശേഷമാണ് കവര്‍ച്ച നടത്തിയത്. സംഘത്തിലെ രണ്ട് പേര്‍ എടിഎമ്മിനകത്തെത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ തകര്‍ത്ത് പത്ത് ലക്ഷം രൂപ കവര്‍ന്നു. മോഷ്ടാക്കള്‍ മുഖം മറച്ചിരുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഇവിടെ പരിശോധന നടത്തി. ഇരുമ്പനത്തെ മോഷണത്തിന് ശേഷം സംഘം കൊരട്ടിയിലെത്തിയതായാണ് പൊലീസ് നിഗമനം.

Leave A Reply

Your email address will not be published.