കുട്ടികളെ കയറ്റണമെങ്കില്‍ പ്രത്യേക സീറ്റ് വേണം; മുന്നില്‍ ഇരിക്കണമെങ്കില്‍ 10 വയസ് കഴിയണം; കേരളത്തിലല്ല, യു.എ.ഇയില്‍ നിയമം ഇങ്ങനെ

0

കര്‍ശന നിയമവ്യവസ്ഥയുള്ള രാജ്യമാണ് യു.എ. ഇ. പ്രത്യേകിച്ചും റോഡ് നിയമങ്ങള്‍. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വന്‍ തുകയാണ് പിഴയായി ഈടാക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം ഇന്ത്യയില്‍ നിലവവിണ്ടെങ്കിലും പീന്‍ സീറ്റിലെ യാത്രക്കാര്‍ക്ക് അതു നിര്‍ബന്ധമാക്കിയിട്ടില്ല. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മുന്‍ സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പോലും അതു കാര്യമായ നിയമലംഘനവുമല്ല.

എന്നാല്‍ യു.എ.ഇയ്ക്കു കീഴിലുള്ള എമിറേറ്റുകളിലൊക്കെ കാറില്‍ യാത്ര ചെയ്യുന്നവരെല്ലാം സീറ്റ് ബല്‍റ്റ് ധരിക്കണമെന്നതു നിര്‍ബന്ധമാണ്. നിലവിലെ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ യു.എ.ഇയിലേതു പോലെ കര്‍ശനമായ റോഡ് സുരക്ഷാ നിയമങ്ങള്‍ നമ്മുടെ നാട്ടിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

യു.എ.ഇയിലെ നിയമമനുസരിച്ച് പിന്‍സീറ്റിലെ യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഡ്രൈവര്‍ 400 ദിര്‍ഹം (ഏകദേശം 8000 ഇന്ത്യന്‍ രൂപ) പിഴ ഒടുക്കണം. ഒപ്പം ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റും വീഴും.

നാല് വയസ് വരെയുള്ള കുട്ടികളെ കാറില്‍ കയറ്റണമെങ്കില്‍ ചൈല്‍ഡ് സേഫ്റ്റി സീറ്റും നിര്‍ബന്ധമാണ്. ഈ നിയമം ലംഘിക്കുന്നവരും 400 ദിര്‍ഹവും പിഴയടയ്ക്കണം. ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റും വീഴും. ഇനി മുന്‍ സീറ്റില്‍ യാത്ര ചെയ്യണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 145 സെന്റിമീറ്ററെങ്കിലും നീളമുണ്ടാകണം. പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യാനേ പാടില്ല.

മാതാപിതാക്കള്‍ കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യുന്നത് ഇന്ത്യയിലെ പോലെ യു.എ.ഇയിലും പതിവായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി അപകടങ്ങളാണുണ്ടായത്. ഇതോടെയാണ് നിയമം പരിഷ്‌കരിക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. വാഹനത്തില്‍ സഞ്ചരിക്കുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നതാണ് ഇപ്പോള്‍ ഇവിടുത്തെ നിയമമെന്ന് ദുബായ് പൊലീസ് പറയുന്നു.

2017-ല്‍ യു.എ.ഇ. ഡെപ്യൂട്ടി പ്രധാനമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സെയ്ദ് അല്‍ നയാന്‍ ആണ് ഈ നിയമം പാസാക്കിയത്. ഇക്കഴിഞ്ഞ ജൂലൈ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.

2018 ജൂണ്‍ വരെയുള്ള ആറ് മാസത്തെ കണക്കനുസരിച്ച് ഷാര്‍ജയില്‍ മാത്രം 8,884 പേര്‍ക്കാണ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തകുറ്റത്തിന് പൊലീസ് പിഴയിട്ടത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ച 4426 പേരും ശിക്ഷിക്കപ്പെട്ടു. എന്തായാലും പുതിയ നിയമം നിലവില്‍ വന്നതോടെ യു.എയ.ഇയില്‍ അപകടം കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒപ്പം നിയമലംഘനങ്ങളും.

Leave A Reply

Your email address will not be published.