നാലായിരം ഉർദു അധ്യാപകരുടെ നിയമനം റദ്ദാക്കി യോഗി സർക്കാർ; എതിർപ്പുമായി മുസ്ലിം പുരോഹിതർ

0

ലഖ്നൗ: സമാജ് വാദി പാർട്ടി സർക്കാരിന്റെ കാലത്ത് നടത്തിയ നാലായിരം ഉർദു അധ്യാപകരുടെ നിയമനം ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ റദ്ദാക്കി. സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിൽ ആവശ്യത്തിന് ഉർദു അധ്യാപകരുണ്ടെന്നും അധിക നിയമനം ആവശ്യമില്ലെന്നും വിദ്യാഭ്യാസവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പ്രഭാത് കുമാർ പറഞ്ഞു. 2016 ഡിസംബർ 15നാണ് അഖിലേഷ് യാദവ് സർക്കാർ 16,460 അസിസ്റ്റന്റ് പ്രൈമറി അധ്യാപക തസ്തികകളുടെ പ്രഖ്യാപനം നടത്തിയത്. ഇതിൽ നാലായിരം തസ്തികകൾ ഉര്‍ദു അധ്യാപകരുടേതായിരുന്നു. 2017ൽ യോഗി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഈ നിയമനങ്ങൾ തടഞ്ഞുവയ്ക്കുകയായിരുന്നു.

ഉർദു ഭാഷയോടുള്ള ആക്രമണമാണിതെന്ന് മുസ്ലിം മതപുരോഹിതർ ആരോപിച്ചു. ‘ഉര്‍ദു അധ്യാപകർക്കും ഭാഷയ്ക്കും ഈ തീരുമാനം തിരിച്ചടിയാണ്’- മൗലാന ഖാലിദ് റഷീദ് ഫാരംഗി മാഹാലി ന്യൂസ് 18നോട് പറഞ്ഞു. ‘സർക്കാർ തീരുമാനം പുനഃപരിശോധിക്കണം. ഇന്ത്യയിലെ മറ്റു ഭാഷകളെ പോലെ തന്നെയാണ് ഉർദുവും. അതിനെ മുസ്ലിംങ്ങളുടെ ഭാഷയായി മാത്രം കാണരുത്’- അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിന്റെ തീരുമാനത്തോട് ഇതാദ്യമായല്ല മുസ്ലിം സമുദായം അതൃപ്തി പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള മദ്രസകൾ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നതും ജിപിഎസ് സംവിധാനം ഏർപ്പെടുത്തിയതും എതിർപ്പിന് കാരണമായിരുന്നു. ആഗസ്റ്റ് 15ന് മദ്രസകളിൽ ദേശീയപതാക ഉയർത്തുന്നുണ്ടോയെന്ന് വീഡിയോ ക്യാമറകളിലൂടെ നിരീക്ഷിക്കാനുള്ള തീരുമാനവും അതൃപ്തിക്ക് കാരണമായിരുന്നു.

Leave A Reply

Your email address will not be published.