പഠിക്കാതെ കളിച്ചുനടക്കുന്നതിന് വഴക്ക് പറഞ്ഞു; 19കാരൻ രക്ഷിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി

0

ന്യൂഡൽഹി: പഠിക്കാതെ കളിച്ചുനടക്കുന്നതിന് നിരന്തരം വഴക്ക് പറഞ്ഞതിന് 19കാരൻ അച്ഛനെയും അമ്മയെയും സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തി. ദക്ഷിണ ഡൽഹിയിലെ കിഷൻഗഢിലാണ് നാടിനെ നടുക്കിയ സംഭവം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പിതാവ് മിഥിലേഷ് വർമ (44)യെ വയറ്റിലും നെഞ്ചിലുമായി എട്ടുതവണയാണ് കുത്തിയത്. തുടർന്ന് അടുത്ത മുറിയിലുണ്ടായിരുന്ന അമ്മ സിയയെ (38) ഏഴുപ്രാവശ്യം കുത്തിയതായും പൊലീസ് പറഞ്ഞു. അതിനുശേഷം പതിനഞ്ചുവയസുകാരിയായ സഹോദരിയെ വിളിച്ചുണർത്തി കുത്തിക്കൊല്ലുകയായിരുന്നു. രക്തം വാർന്നാണ് മൂന്നുപേരും മരിച്ചത്.

കൊലപാതകങ്ങൾക്ക് ശേഷം പിടിക്കപ്പെടാതിരിക്കാൻ സൂരജ് സ്വയംകുത്തി മുറിവേൽപ്പിച്ചു. നിലവിളികേട്ടെത്തിയ അയൽക്കാരോട് വീട്ടിൽ അതിക്രമിച്ചുകയറിയ ചിലർ തങ്ങളെ കുത്തുകയായിരുന്നുവെന്നാണ് സൂരജ് പറഞ്ഞത്. പരിക്കേറ്റ താൻ മരിച്ചതുപോലെ കിടന്നതുകൊണ്ടാണ് തനിക്ക് ജീവൻ തിരിച്ചുകിട്ടിയതെന്നും സൂരജ് പൊലീസിനോടും അയൽക്കാരോടും പറഞ്ഞു.

എന്നാൽ, പുറത്ത് നിന്നെത്തിയവരാണ് ആക്രമിച്ചതെന്ന സൂരജിന്റെ മൊഴി പൊലീസ് വിശ്വസിച്ചില്ല. കാരണം, പ്രധാനവാതിലുകളെല്ലാം അകത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുടുംബത്തിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു. മൂന്നുവർഷം മുൻപ് തന്നെ ആരോ തട്ടിക്കൊണ്ടുപോയെന്ന് സൂരജ് സ്വയം കഥയുണ്ടാക്കിയിരുന്നു.

കോളജിൽ പോകാതെ പട്ടംപറത്തി നടക്കുന്നുവെന്ന് പറഞ്ഞ് പിതാവ് ഇപ്പോഴും തന്നെ മർദിക്കാറുണ്ടെന്ന് സൂരജ് പൊലീസിനോട് പറഞ്ഞു. വീട്ടിൽ നിന്നും പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തുമായിരുന്നു. സഹിക്കാൻ വയ്യാതെ ആദ്യം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണ്. പിന്നീട് കുടുംബത്തെ ശിക്ഷിക്കണമെന്ന ചിന്ത മനസിൽ ഉദിക്കുകയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.