മലയാളിക്കരുത്തില്‍ ഇന്ത്യ ഇന്ന് ചൈനയ്‌ക്കെതിരെ ബൂട്ടുകെട്ടും

0

ബീജിങ്ങ്: അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് അയല്‍ക്കാരായ ചൈനയെ നേരിടുകയാണ്. നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ വരുന്നത്. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ശുഭ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകരുള്ളത്.

ഐഎസ്എല്ലിനിടയില്‍ നടക്കുന്ന മത്സരമായതിനാല്‍ തന്നെ കളത്തിലെ വീറും വാശിയും താരങ്ങളില്‍ നിറയുമെന്നുറപ്പ്. കേരളക്കരയക്കും ഏറെ പ്രീയത്തോടെയാണ് ഇന്നത്തെ മത്സരം നോക്കികാണുന്നത്. രണ്ട് മലയാളി താരങ്ങള്‍ ടീമിലിടം പിടിച്ചെന്നതിനു പുറമേ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു രണ്ട് സൂപ്പര്‍ താരങ്ങളും ദേശീയ ടീമിനായി കളത്തിലിറങ്ങുന്നുണ്ട്. അതില്‍ പ്രധാനം കേരളാ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കനാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് എന്നത് തന്നെ.

മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ചൈനയ്‌ക്കെതിരായ ടീമിലിടം നേടിയിട്ടുണ്ട്. ഇതില്‍ അനസ് ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നുറപ്പാണെങ്കിലും ആഷിഖ് പകരക്കാരന്റെ വേഷത്തിലാകും മൈതാനത്തിറങ്ങുക. ബ്ലാസ്റ്റേഴ്‌സ് നായകനായ ജിങ്കനും മലയാളികളുടെ പ്രിയ താരം ഹോളിചരണ്‍ നര്‍സാരിയും ആദ്യ പതിനൊന്നില്‍ ചൈനയ്‌ക്കെതിരെ പന്ത് തട്ടുമെന്നുറപ്പാണ്.

1977 ല്‍ കച്ചിയില്‍ നെഹ്‌റു കപ്പ് പോരാട്ടത്തിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചൈന ഇന്ത്യയെ മറികടന്നത്. ഇരു ടീമുകളും 17 തവവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ജയം ചൈനയ്ക്കായിരുന്നു. അഞ്ച് തവണ മത്സരം സമനിലയിലായപ്പോള്‍ ഒരിക്കല്‍പ്പോലും ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞില്ല.
ഫിഫ റാങ്കിങ്ങില്‍ 76 ാം സ്ഥാനത്താണ് ചൈനയുള്ളത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ഏഴാമതും. ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 97 ാം റാങ്കിങ്ങില്‍ നില്‍ക്കുമ്പോള്‍ ഏഷ്യയിലെ സ്ഥാനം 15 ാമതാണ്. ലോകകപ്പില്‍ ഇതുവരെയും പന്ത് തട്ടാത്ത ടീമാണ് ഇന്ത്യ. ചൈനയാകട്ടെ 2002 ലെ വേള്‍ഡ് കപ്പില്‍ കളിച്ചിട്ടുണ്ട്. ഗ്രൂപ്പ ഘട്ടങ്ങളിലെ മൂന്ന് മത്സരങ്ങളിം പരാജയപ്പെട്ടാണ് ചൈന അന്ന് ലോകകപ്പില്‍ നിന്ന് പുറത്തായത്.

Leave A Reply

Your email address will not be published.