യുഎന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യയും : തെരഞ്ഞെടുക്കപ്പെട്ടത് ഏറ്റവും കൂടുതല്‍ വോട്ട് നേടി

0

ജനീവ : ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യയും. ഏഷ്യ-പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മത്സരിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയതും ഇന്ത്യ തന്നെയാണ്. 2019 ജനുവരി ഒന്ന് മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം.

193 അംഗ യു എന്‍ അസംബ്ലിയില്‍ കൗണ്‍സിലില്‍ അംഗത്വം ലഭിക്കാന്‍ 97 വോട്ടുകളാണ് ഒരു രാജ്യത്തിന് വേണ്ടത്. രഹസ്യബാലറ്റ് സ്വഭാവമുള്ള തെരഞ്ഞെടുപ്പില്‍ 18 പുതിയ അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യക്ക് പുറമെ ബഹ്‌റൈന്‍, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു.
ഏറ്റവും കൂടുതല്‍ വോട്ടുകളോടെ ഇന്ത്യക്ക് ലഭിച്ച ഈ നേട്ടത്തില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ച് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഇന്ത്യയുടെ സ്ഥാനം പ്രതിഫലിപ്പിക്കുന്നതാണ് ഈ വിജയമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.