‘വീണ്ടും പൃഥ്വി’; വേഗമേറിയ അര്‍ദ്ധ സെഞ്ച്വറിയുമായി യുവതാരം; ഇന്ത്യ പിടിമുറുക്കുന്നു

0

ഹൈദരാബാദ്: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യ പിടിമുറുക്കുന്നു. ടി 20 മാതൃകയില്‍ ഇന്നിങ്ങ്‌സ് തുടങ്ങിയ യുവതാരം പൃഥ്വി ഷായുടെ മികവിലാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ബാറ്റ് ചെയ്യുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 121 ന് മൂന്ന് എന്ന നിലയിലാണ്. 53 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയ ഷായുടെയും 25 പന്തില്‍ നിന്ന് നാല് റണ്‍സ് നേടിയ രാഹുലിന്റെയും 41 പന്തുകളില്‍ നിന്ന് 10 റണ്‍സെടുത്ത പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഷാ അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഹൈദരാബാദിലും ബാറ്റ് വീശിയത്. ഇന്ത്യക്കായ് ടെസ്റ്റ് ക്രിക്കറ്റില്‍ വേഗമേറിയ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കൗമാര താരമെന്ന പകിട്ടോടെയണ് ഷായുടെ ഇന്നത്തെ അര്‍ദ്ധ സെഞ്ച്വറി. 40 പന്തുകളില്‍ നിന്നാണ് താരം 50 തികച്ചത്. 1978 ല്‍ പാകിസ്താനെതിരെ കറാച്ചിയില്‍ കപില്‍ ദേവ് 33 പന്തുകളില്‍ നിന്ന് നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യന്‍ കൗമാര താരത്തിന്റെ വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി.

ലോകേഷ് രാഹുലിനെ ഒരറ്റത്ത നിര്‍ത്തി ബാറ്റ് വീശിയ ഷാ ഓപ്പണിങ്ങ് വിക്കറ്റില്‍ 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ ബോര്‍ഡില്‍ 98 റണ്‍സുള്ളപ്പോളായിരുന്നു ഷാ മടങ്ങിയത്. പിന്നാലെ നാല് റണ്‍സ് കൂടി ടീം ടോട്ടലില്‍ ചേര്‍ക്കുമ്പോഴേക്കും പൂജാരയും മടങ്ങി. 13 റണ്‍സോടെ വിരാട് കോഹ്‌ലിയും 5 റണ്‍സോടെ അജിങ്ക്യാ രഹാനെയുമാണ് ക്രീസില്‍.

നേരത്തെ 295 ന് ഏഴ് എന്ന നിലയില്‍ ഇന്നത്തെ കളി പുനരാരംഭിച്ച വിന്‍ഡീസ് ഇന്നിങ്ങ്‌സ് 311 ല്‍ അവസാനിക്കുകയായിരുന്നു. വിന്‍ഡീസ് ബാറ്റിങ്ങിന് നെടുംതൂണായ റോസ്റ്റണ്‍ ചേസ് ഇന്ന് തുടക്കത്തില്‍ തന്നെ സെഞ്ച്വറി തികച്ചു. തന്റെ നാലാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ചേസ് ഹൈദരാബാദില്‍ കുറിച്ചത്. 106 റണ്‍സ് നേടിയ താരം പുറത്തായതിനു പിന്നാലെ വിന്‍ഡീസ് ഇന്നിങ്ങ്‌സ് അവസാനിക്കുകയായിരുന്നു.

ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവാണ് വിന്‍ഡീസ് ഇന്നിങ്ങ്‌സ് തകര്‍ത്തത്. ഇന്നലെ മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്ന താരം ഇന്നും വിക്കറ്റ് നേട്ടം ആവര്‍ത്തിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.