ശബരിമല സ്ത്രീ പ്രവേശനം : തന്ത്രി കുടുംബം പുനഃപരിശോധനാ ഹര്‍ജി നല്‍കി

0

ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബം സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി.വിഗ്രഹ ആരാധന ഹിന്ദു മതത്തില്‍ അനിവാര്യം ആണെന്നും, വിഗ്രഹത്തിന് അവകാശം ഉണ്ടെന്നും കാട്ടി കണ്ഠരര് മോഹനര്, കണ്ഠരര് രാജീവരര് എന്നിവരാണ് കോടതിയെ സമീപിച്ചത്.

ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം തങ്ങള്‍ക്ക് ആണെന്നും ഭരണഘടനയുടെ 25 (1) അനുച്ഛേദം പ്രകാരം വിഗ്രഹത്തിന് ഉള്ള അവകാശം സുപ്രീം കോടതി കണക്കില്‍ എടുത്തില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി

അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ കൊച്ചിയില്‍ ബ്രഹ്മാണ്ഡ നാമജപയാത്ര തുടങ്ങി.ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി തിരി തെളിയിച്ച് ആരംഭിച്ച ചടങ്ങില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേരാണ് അണി നിരന്നത്. കോണ്‍ഗ്രസ് നേതാക്കള്‍, നടനും എംപിയുമായ സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗങ്ങള്‍ തുടങ്ങിയവരും പിന്തുണയര്‍പ്പിക്കാനെത്തിയിരുന്നു.വിശ്വാസികള്‍ക്ക് ഒപ്പമാണ് യുഡിഎഫ് എന്നാണ് പാര്‍ട്ടി കണ്‍വീനര്‍ ബെന്നി ബഹനാന്‍ പിന്തുണ അറിയിച്ചു കൊണ്ട് പറഞ്ഞത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള നയിക്കുന്ന ലോംഗ് മാര്‍ച്ച് കൊല്ലം ജില്ലയില്‍ പര്യടനം തുടരുകയാണ്.മാടന്‍നടയില്‍ നിന്നാണ് ഇന്നത്തെ മാര്‍ച്ച് തുടങ്ങിയത്.പ്രത്യക്ഷ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയത് വിശ്വാസികളോടുള്ള വഞ്ചനയാണെന്ന് ശ്രീധരന്‍ പിളള ആരോപിച്ചു

Leave A Reply

Your email address will not be published.