ഐഎഫ്‌എഫ്‌കെ; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

0

തിരുവനന്തപുരം: ഐഎഫ്‌എഫ്‌കെയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഓണ്‍ലൈനായി 7500 പാസുകള്‍ നല്‍കാനാണ് തീരുമാനം. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് പാസിനുള്ള തുകയായ 2000 രൂപ മന്ത്രി എ കെ ബാലന് നല്‍കി ആദ്യ പാസ് സ്വീകരിച്ചാണ് ഉദ്ഘാടനം. ഓഫ്ലൈന്‍ രജിസ്ട്രേഷന്‍ ചലച്ചിത്ര അക്കാദമിയുടെ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ റീജണല്‍ ഓഫീസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
ഈ മാസം ഒന്ന് മുതല്‍ ഓഫ്ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഡെലിഗേറ്റ് പാസിന് 2000 രൂപ ഈടാക്കാന്‍ അക്കാദമി തീരുമാനിച്ചിരിക്കുന്നത്. 7500 പാസുകള്‍ അവസാനിക്കുന്നതോടെ വെബ്സൈറ്റ് ക്ലോസ് ചെയ്യുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്രമേള. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഒരു ദിവസം കുറവാണ് ഇത്തവണ മേള. ഒരു പാസിന് 2000 രൂപ ഈടാക്കുന്നത് വഴി ആകെ രണ്ടു കോടി ശേഖരിക്കുകയാണ് ലക്ഷ്യം. മുഴുവന്‍ കേന്ദ്രങ്ങളും വഴി ഓഫ്ലൈനായി 2500 പാസുകളാണ് വിതരണം ചെയ്യുക. ഓരോ റീജണല്‍ കേന്ദ്രം വഴിയും 500 പാസുകളാണ് നല്‍കുക. ഇതില്‍ തിരുവനന്തപുരം കേന്ദ്രം വഴിയുള്ള ഓഫ്ലൈന്‍ പാസുകളെല്ലാം ഇതിനകം നല്‍കിക്കഴിഞ്ഞു.

Leave A Reply

Your email address will not be published.