കെവിന്‍ വധക്കേസ്; കൈക്കൂലിവാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു

0

കോട്ടയം: കെവിന്‍ വധക്കേസ് പ്രതികളില്‍ നിന്ന് കൈക്കൂലിവാങ്ങിയെന്ന് കണ്ടെത്തിയ എ.എസ്.ഐ ടി.എം ബിജുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സംഭവ ദിവസം ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസ‌ര്‍ അജയകുമാറിന്‍റെ മൂന്നു വര്‍ഷത്തെ ഇന്‍ക്രി‌മെന്റ് റദ്ദാക്കി. ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവിനെതിരെയും നടപടിയുണ്ടാകും. മൂന്നു പേരും ആറു മാസമായി സസ്‌പെന്‍ഷനിലാണ്.

മേയ് 26നാണ് എസ്.എച്ച്‌ മൗണ്ട് പിലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ പ്രതിശ്രുത വധു നീനുവിന്‍റെ ബന്ധുക്കള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്‌ച അന്വേഷിച്ച അഡ്‌മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി വിനോദ്‌പിള്ളയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ നടപടിയെടുത്തത്. കെവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ പ്രതികളില്‍ നിന്ന് രാത്രി പട്രോളിംഗിനിടെ ബിജു കൈക്കൂലി വാങ്ങിയെന്നും ഡ്രൈവര്‍ അജയകുമാര്‍ വിവരം മറച്ചുവച്ചെന്നുമാണ് കണ്ടെത്തല്‍. ജീപ്പ് ഡ്രൈവറായ അജയകുമാറിന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ടായിട്ടില്ല. എസ്.ഐ എം.എസ് ഷിബുവിനെതിരെ കൃത്യവിലോപം അടക്കമുള്ള വീഴ്‌ചകളാണ് കണ്ടെത്തിയിരിക്കുന്നത്. ഷിബുവിനെതിരെയായ അന്വേഷണ റിപ്പോ‌ര്‍ട്ടില്‍ ഐ.ജി വിജയ് സാഖറെ തുടര്‍ നടപടികള്‍ സ്വീകരിക്കും.

Leave A Reply

Your email address will not be published.