ഫ്ളക്‌സ് നിയന്ത്രണ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

0

കൊച്ചി : മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഫ്ളക്‌സ് നിയന്ത്രണ വിഷയത്തില്‍ ഇടപെടാത്തതെന്നും അദ്ദേഹത്തിന്‍റെ ഒരു ഫോണ്‍കോളില്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. അനധികൃത ഫ്ളക്സ് – പരസ്യ ബോര്‍ഡുകള്‍ക്ക് എതിരായ ഹര്‍ജി പരിഗണിക്കവെ സിംഗിള്‍ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി, ഇലക്ഷന്‍ കമ്മിഷന്‍ എന്നിവരെ കക്ഷി ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി ഇവര്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ കറ്റാനത്ത് പള്ളിക്കു മുന്നിലെ അനധികൃത ഫ്ളക്സുകള്‍ നീക്കം ചെയ്യാന്‍ പള്ളിഅധികൃതര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കാനുള്ള ഹൈക്കോടതി ഉത്തരവനുസരിച്ച്‌ സര്‍ക്കാര്‍ നടപടിയെടുക്കുമ്ബോള്‍ ഭരണകക്ഷികള്‍ തന്നെ ഇത്തരം ബോര്‍ഡുകള്‍ വയ്ക്കുന്നു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. കോടതിയെ പരിഹസിക്കുന്ന തരത്തില്‍ കോടതിക്ക് മുന്നില്‍ തന്നെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. വികസിത രാജ്യങ്ങളിലൊന്നും ഫ്ളക്സ് ബോര്‍ഡുകള്‍ നിലവിലില്ല.

കൊല്‍ക്കത്തയില്‍ ഇത്തരമൊരു ബോര്‍ഡ് താഴെ വീണ് അത്യാഹിതമുണ്ടായി. 30,000 ബോര്‍ഡുകള്‍ ഇതിനകം നീക്കി. ഫ്ളക്സ് ബോര്‍ഡുകള്‍ നിമിത്തമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ നല്ല പരിസ്ഥിതിയില്‍ ജീവിക്കാനുള്ള പൗരാവകാശത്തിന്‍റെ ലംഘനമാണ്. തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിഗണന വേണ്ട വിഷയമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.