മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് മാറാന്‍ ശിവസേന തയ്യാറല്ല. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന കടുത്ത നിലപാടില്‍ ബി.ജെ.പിയും ഉറച്ചുനില്‍ക്കുന്നു.

ഇതോടെയാണ് ചര്‍ച്ചകള്‍ വഴി മുട്ടിയത്. ആര്‍.എസ്.എസ് ഇടപെട്ടിട്ടും ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ശനിയാഴ്ച വൈകുന്നേരം നാല് വരെ ഫഡ്നാവിസിന് കാവല്‍ മുഖ്യമന്ത്രിയായി തുടരാവുന്നതാണ്. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കൊപ്പം രാജ്ഭവനില്‍ എത്തി ഫഡ്നാവിസ് രാജിക്കത്ത് കൈമാറി. ഗവര്‍ണര്‍ രാജി സ്വീകരിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷം സഹകരിച്ച് പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി രാജിക്കത്ത് കൈമാറിയ ശേഷം ഫഡ്നാവിസ് അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനവും തുല്യ എണ്ണം മന്ത്രിസ്ഥാനവും നല്‍കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധാരണ ഉണ്ടായിരുന്നുവെന്നാണ് ശിവസേനയുടെ വാദം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യാതൊരു ധാരണയുമില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി.

Comments are closed.