ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ചമഞ്ഞു തട്ടിപ്പുനടത്തിയ വിപിന്‍ കാര്‍ത്തിക് മോഷണക്കേസിലെ പ്രതി

കുമരകം: ഐ.പി.എസ്. ഉദ്യോഗസ്ഥനായി കോടികളുടെ തട്ടിപ്പുനടത്തിയ വിപിന്‍ കാര്‍ത്തിക് (29) 2016 ല്‍ കുമരകം സ്റ്റേഷനില്‍ മോഷണക്കേസിലെ പ്രതിയുമാണ്. സ്വകാര്യ റിസോര്‍ട്ടില്‍ റെസ്റ്റോറന്റ് ജീവനക്കാരനായെത്തിയ വിപിന്‍ മറ്റൊരു ജീവനക്കാരന്റെ ലാപ് ടോപ്പും ഒപ്പം താമസിച്ചിരുന്നയാളുടെ ഒപ്പിട്ട ചെക്കും തിരിച്ചറിയല്‍ രേഖകളും കവര്‍ന്നു മുങ്ങി.

ഒപ്പിട്ട ചെക്കില്‍ 25,000 രൂപ എഴുതി എറണാകുളം ബ്രാഞ്ചില്‍നിന്നു പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്നു കുമരകം പോലീസിനു ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിവരുന്നതിനിടെ, മോഷ്ടിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഇയാള്‍ എറണാകുളത്തെ കാര്‍ ഷോറൂമില്‍ കാര്‍ ബുക്ക് ചെയ്യാനെത്തിയതായി കണ്ടെത്തി.

തുടര്‍ന്നു ഷോറൂം ജീവനക്കാരെ ഉപയോഗിച്ച് ഇയാളെ വൈറ്റില ഹബിലേക്കു വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായശേഷം ജാമ്യമെടുത്തു മുങ്ങിയ ഇയാളെ തെരഞ്ഞു കുമരകം പോലീസ് കോഴിക്കോട്ടെത്തി അന്വേഷണം നടത്തിയിരുന്നതായി കുമരകം എസ്.ഐ: ജി. രജന്‍ കുമാര്‍ വ്യക്തമാക്കി.

Comments are closed.