സംവിധായകനെതിരായ പരാതിയില്‍ നടി മഞ്ജു വാര്യര്‍ രഹസ്യമൊഴി നല്‍കി

തൃശൂര്‍ : പോലീസ് ആവശ്യപ്രകാരം സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരായ പരാതിയില്‍ നടി മഞ്ജു വാര്യര്‍ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ 164 -ാം വകുപ്പനുസരിച്ച് രഹസ്യമൊഴി നല്‍കി.കഴിഞ്ഞ ഞായറാഴ്ച്ച നടിയെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

തുടര്‍ന്നാണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ എത്തിയ നടി മൂന്നര മുതല്‍ ഒന്നര മണിക്കൂര്‍ നേരം അടച്ചിട്ട മുറിയില്‍ മൊഴി നല്‍കിയത്. സ്ത്രീയുടെ അന്തസിനു മാനഹാനി വരുത്തിയതിനു ഐ.പി.സി. 354 (ഡി), 509, പോലീസ് ആക്ട് 120 വകുപ്പുകളനുസരിച്ചുള്ള കേസ് അന്വേഷിക്കുന്നത് എ.സി.പി: സി.ഡി. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണസംഘമാണ്.

ഒടിയന്‍ സിനിമയുടെ സൈറ്റിലും തുടര്‍ന്നു സമൂഹമാധ്യമങ്ങളിലും അപമാനിച്ചുവെന്നാണ് പരാതി. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സജി ജോസഫ് എന്നിവരില്‍ നിന്നു അടുത്തിടെ പോലീസ് മൊഴിയെടുത്തിരുന്നു. മഞ്ജുവിന് അനുകൂലമായാണ് ഇവരുടെ മൊഴിയെന്നാണ് വിവരം.

Comments are closed.