ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി സമരം

ന്യുഡല്‍ഹി: കരട് ഹോസ്റ്റല്‍ മാനുവല്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി സമരം. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് കുത്തനെ ഉയര്‍ത്തിയതും മെസ് ഹാളില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതും ഹോസ്റ്റലില്‍ സമയക്രമം കൊണ്ടുവന്നതുമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് കാരണം.

കൂടാതെ പാര്‍ത്ഥസാരഥി റോക്സില്‍ പ്രവേശനത്തിന് സമയനിയന്ത്രണം കൊണ്ടുവന്നതും വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസുകള്‍ പൂട്ടാന്‍ ശ്രമിച്ചതും പ്രതിഷേധത്തിന് കാരണമാണ്. ബിരുദദാന ചടങ്ങ് നടക്കുന്ന എഐസിടിഇ ഓഡിറ്റോറിയത്തിനു സമീപമാണ് പ്രതിഷേധം ആരംഭിച്ചത്. ഹോസ്റ്റല്‍ മാനുവല്‍ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

1972ലാണ് കാമ്പസില്‍ ആദ്യ ബിരുദദാന ചടങ്ങ് നടത്തത്. വൈസ് ചാന്‍സലര്‍ ജി. പാര്‍ത്ഥസാരഥിയുടെ കാലത്തായിരുന്നു ഇത്. പിന്നീട് വിദ്യാര്‍ത്ഥി സമരങ്ങളെ തുടര്‍ന്ന് മുടങ്ങിയ ചടങ്ങ് 46 വര്‍ഷത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് നടത്തിയത്. വി.സി ജഗദീഷ് കുമാര്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടുന്നുവെന്ന് ആരോപിച്ച് അന്ന് ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിച്ചിരുന്നു.

2018 ജൂലായ് ഒന്നിനും 2019 ജൂണ്‍ 30നുമിടയില്‍ ഉന്നതബിരുദം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങാണ് ഇന്ന് നിശ്ചയിച്ചത്. തുടര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങ ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളിലും തെരുവിലും പ്രതിഷേധിച്ചത്. ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേശ് പൊക്രിയാനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്ത് മാറ്റി.

Comments are closed.