കരമന കൂടത്തില്‍ തറവാട്ടിലെ ആസ്തിവകകള്‍ പൊലീസ് സംഘത്തെ ഞെട്ടിച്ചു

തിരുവനന്തപുരം: കരമന കൂടത്തില്‍ തറവാട്ടിലെ ആസ്തിവകകള്‍ പൊലീസ് സംഘത്തെ ഞെട്ടിച്ചു. തലസ്ഥാന നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 18 ഏക്കര്‍ സ്ഥലം ഈ കുടുംബത്തിനുണ്ടായിരുന്നെന്നാണ് വിവരം. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും റവന്യു വകുപ്പില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍ വിലയിരുത്തിയശേഷം വസ്തു ഇടപാടുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരികത അന്വേഷണ സംഘം ഉറപ്പിക്കുന്നതാണ്.

2012ല്‍ കൂടത്തില്‍ തറവാട്ടിലെ ജയപ്രകാശിന്റെ മരണശേഷമാണ് അനന്തരാവകാശിയായ ജയമാധവന്‍ നായരുടെ സഹായത്തോടെ സ്വത്തുക്കള്‍ കാര്യസ്ഥന്റെ നേതൃത്വത്തില്‍ പലര്‍ക്കായി ഭാഗിച്ചത്. കൂടത്തില്‍ തറവാടുമായി ബന്ധമുള്ള എട്ടോളം പേര്‍ക്കും ജയമാധവനുമായിട്ടായിരുന്നു സ്വത്തുക്കള്‍ ഭാഗം ചെയ്തത്.

സ്വത്ത് തട്ടിപ്പ് കേസില്‍ പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകന്‍ പ്രകാശിനാണ് നിയമപരമായി കൂടത്തില്‍ തറവാട്ടിലെ കോടികളുടെ സ്വത്തിന് അവകാശമുണ്ടായിരുന്നത്. എന്നാല്‍, പ്രകാശ് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നതായി ആരോപിച്ച് ഇതിനിടെ കേസ് ഫയല്‍ ചെയ്തു. പിന്നീട് സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കുകയും ചെയ്തു.

പ്രകാശിന് കൂടത്തില്‍ തറവാടിനോട് ചേര്‍ന്നുള്ള 70 സെന്റ് സ്ഥലം നല്‍കി.ജയമാധവന്‍ മരണപ്പെടും മുമ്പ് തയ്യാറാക്കിയതായി പറയപ്പെടുന്ന വില്‍പത്രത്തിലൂടെയാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കൂടത്തില്‍ തറവാട്ടിലെ സ്വത്തുക്കളുടെ അവകാശിയായത്. അതേസമയം മണക്കാട്, പാല്‍ക്കുളങ്ങര വില്ലേജുകളിലുള്ള വസ്തുവകകളുടെ ഇപ്പോഴത്തെ അവകാശികളെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.

Comments are closed.