മദ്രാസ് ഐ.ഐ.ടി. വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ :അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കൊല്ലം: കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ കിലോൻതറയിൽ ഫാത്തിമ ലത്തീഫ് മദ്രാസ് ഐ.ഐ.ടി. വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫ് ഐ.ഐ.ടി. ഹോസ്റ്റല്‍മുറിയില്‍ ആത്മഹത്യ ചെയ്തതിനുപിന്നില്‍ ഈസ്ഥാപനത്തിലെ അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണെന്നാണ് ആരോപണം.

വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.മന്ത്രി മേഴ്സി കുട്ടിയമ്മയോടൊപ്പമാണ് ഫത്തിമ്മയുടെ കുടുംബം മുഖ്യമന്ത്രിയെ കാണാൻ എത്തിയത്‌. ഫാത്തിമയുടെ ഫോണില്‍നിന്ന് ലഭിച്ച സന്ദേശങ്ങളിൽ ഈസ്ഥാപനത്തിലെ അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദിയെന്ന് ഫാത്തിമ ലത്തീഫ് രേഖപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ചയാണ് ഫാത്തിമയെ ഐ.ഐ.ടി. ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവ നശിപ്പിക്കുമെന്ന ഭയത്തിലാണ് ബന്ധുക്കൾ. തമിഴ്‌നാട് പൊലീസിന്റെ ഭാഗത്തുനിന്ന് സഹകരണമോ ശരിയായ വിധത്തിലുള്ള അന്വേഷണമോ ഉണ്ടായിട്ടില്ല -അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അദ്ധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലില്‍ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു.ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് ഫാത്തിമ ലത്തീഫ് അപ്പീല്‍ നല്‍കിയിരുന്നു.

ഇരുപതില്‍ 13 മാര്‍ക്കായിരുന്നു ഫാത്തിമയ്ക്ക് ലഭിച്ചത്. തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീല്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുനഃപരിശോധനയില്‍ ഫാത്തിമയ്ക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ സുദര്‍ശന്‍ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതിനൊപ്പം മുന്‍പ് ഫാത്തിമ ലത്തിഫ് പഠിച്ചിരുന്ന വിദ്യാലയത്തില്‍ ജോലി ചെയ്തിരുന്ന എം.ഫൈസല്‍ എഫ് ബിയില്‍ എഴുതിയ കുറിപ്പില്‍ ചില ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നു. അദ്ധ്യാപകന്റെ വര്‍ഗ്ഗീയ പക കാരണം ഫാത്തിമ അത്മഹത്യ ചെയ്തുവെന്ന സൂചനയാണ് ഈ പോസ്റ്റിലുള്ളത്.

ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കൾക്ക് ഫത്തിമ്മയുടെ ഫോൺ നൽകാൻ ആദ്യം വിസമ്മതിച്ച പോലീസ് ബന്ധുക്കളുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് പൊലീസ് ഫോണ്‍നല്‍കി. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബന്ധുക്കൾ ഈ സന്ദേശം കണ്ടത്. ഒപ്പം ഫോണിലെ നോട്ടുകള്‍ പരിശോധിക്കണമെന്നും എഴുതിയിരുന്നു. തുടര്‍ന്ന് അത് സ്‌ക്രീന്‍ഷോട്ട് എടുത്തുസൂക്ഷിച്ചു.. മാര്‍ക്കുകുറഞ്ഞ വിഷമത്തിലാണ് ഫാത്തിമ ആത്മഹത്യചെയ്തതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

ലോജിക് എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് മനഃപൂര്‍വം കുറച്ചിരുന്നു. ഇരുപതില്‍ 13 മാര്‍ക്കാണ് നല്‍കിയത്. എന്നിട്ടും ഫാത്തിമയ്ക്കുതന്നെയായിരുന്നു കൂടുതല്‍ മാര്‍ക്ക്. ഉത്തരക്കടലാസില്‍ മാര്‍ക്കുകൂട്ടിയപ്പോള്‍ അഞ്ചുമാര്‍ക്കുകൂടി ലഭിക്കാനുണ്ടെന്ന് ഫാത്തിമ ഇ-മെയിലിലൂടെ അദ്ധ്യാപകനോട് പറയുകയും അതുനല്‍കാമെന്ന് അദ്ദേഹം മറുപടിനല്‍കിയെന്നും വീട്ടിലറിയിച്ചിരുന്നു. എന്നാല്‍, മാര്‍ക്കുനല്‍കിയില്ല.

ഫാത്തിമ ലത്തീഫ് പഠിച്ചിരുന്ന വിദ്യാലയത്തില്‍ ജോലി ചെയ്തിരുന്ന എം.ഫൈസല്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്

ഫാതിമ ലത്തീഫ് എന്ന വിദ്യാര്‍ത്ഥി ഞാന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാന്‍ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകര്‍ഷിച്ചത്. ഒന്ന് നിരന്തരമായി സ്‌കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളില്‍ എത്തുന്നവളായിരുന്നു ഫാതിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു.

അവള്‍ ആറാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദര്‍ഭത്തിലാണ്. അതേ കാലത്തുതന്നെ ഞാന്‍ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടില്‍ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങള്‍ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ അവള്‍ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് ആയിരുന്നു. ആ സമയത്തേ, ലോക ക്ലാസിക്കുകളിലൂടെ അവള്‍ കടന്നുപോകുന്നുണ്ട്.

ഈ വര്‍ഷം ഐ ഐ ടിയിലെ ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാം റാങ്കോടെ അവള്‍ക്ക് പ്രവേശനം ലഭിച്ചു. ജൂലൈ മാസത്തില്‍ അവള്‍ക്ക് ക്ലാസ് തുടങ്ങി. അതിനിടക്ക് ഞങ്ങള്‍ കാര്യമായി സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാല്‍ ചില പുസ്തക വാര്‍ത്തകള്‍ പങ്കുവെക്കുമായിരുന്നു.

ഈ മാസം എട്ടിന് ഞാന്‍ അവളെ വാട്‌സപില്‍ ബന്ധപ്പെട്ടു. ആ ഫോണ്‍ അവളുടെ ഉമ്മ സാജിതയുടെ കൈവശമായിരുന്നു. സാജിത എനിക്ക് ഫാതിമയുടെ നമ്പര്‍ തന്നു. അങ്ങനെയാണ് ഞാന്‍ ഈ വെള്ളിയാഴ്ച അവളോട് സംസാരിക്കുന്നത്. അവളുടെ കോഴ്‌സിന്റെ കരിക്കുലം വിശദാംശങ്ങള്‍, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ അന്വേഷിച്ചു. അതിന് വ്യക്തമായ വിവരങ്ങള്‍ തന്നു. സര്‍, ഇത് ആര്‍ക്കു വേണ്ടിയാണ് എന്ന് ചോദിച്ചു.

എന്റെ മകന്‍ അഖിലിനു വേണ്ടിയാണ് എന്നു പറഞ്ഞു. തുടര്‍ന്ന് കുടുംബങ്ങളുടെ കാര്യങ്ങള്‍ സംസാരിച്ചു. പക്ഷേ, ഏതാനും മണിക്കൂറുകൊണ്ട് അവള്‍ സ്വയം ജീവിതം അവസാനിപ്പിച്ച്‌ കടന്നുപോയി. ഫാതിമയുടേത് ആത്മഹത്യയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ കാരണവും ആത്മഹത്യ കുറിപ്പില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. സുദര്‍ശന്‍ പത്മനാഭന്‍ എന്ന അദ്ധ്യാപകന്റെ വര്‍ഗീയമായ പകയെ പറ്റി ഫാതിമ സൂചിപ്പിച്ചിട്ടുണ്ടത്രെ.

സുദര്‍ശന്‍ പത്മനാഭനാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ് പറയുന്നു. (ഇന്റേണല്‍ അസസ്‌മെന്റ് നിലനില്‍ക്കുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് വര്‍ഗീയത മാത്രമല്ല, നിരവധി ചൂഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.) ഇന്ത്യയുടെ അത്യുന്നതനിലവാരമുള്ള ഐ ഐ ടിക്കകത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷവിത്തുകള്‍ വ്യാപകമാകുന്നതായി ചില സുഹൃത്തുക്കള്‍ ഇതിനകം ഉദാഹരണങ്ങളോടെ സൂചിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഈ സംഭവത്തില്‍ വര്‍ഗീയവികാരം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും കൂടുതലായി പുറത്തുവരേണ്ടതുണ്ട്. ഫാതിമയുടെ വാപ്പ ലതീഫിക്ക വര്‍ഗീയതയുടെ ഉള്ളടക്കം ആവര്‍ത്തിച്ച്‌ സൂചിപ്പിക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാതിമയുടെ വേര്‍പാട് ഞങ്ങളെ പ്രത്യക്ഷത്തില്‍ ബാധിച്ച വേദനയാണ്. അതുകൊണ്ടുതന്നെ സംഭവം ഉണ്ടായതിനു ശേഷം എനിക്കോ, ബീനക്കോ സാധാരണ നിലയിലേക്ക് പൂര്‍ണമായി വരാനായിട്ടില്ല.

എന്തിലേക്കൊക്കെ പോയാലും ഒടുവില്‍ ഈ വേദനയില്‍ തിരിച്ചെത്തുന്നു. ഇന്ന് സ്‌കൂളില്‍ രാവിലെ ഈ വിഷയത്തില്‍ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാന്‍ ആവതും നോക്കി. അതിനിടയില്‍ ഈ ദുരന്തം വാര്‍ത്താമാധ്യമങ്ങളിലെത്തിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ശ്രമിച്ചു. സൗഹൃദവലയത്തിലുള്ള ഒന്നുരണ്ട് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പങ്കുവെച്ചു. അവര്‍ അത് ഗൗരവമായി എടുക്കുകയും ചെയ്തു.

ഇപ്പോള്‍ ദേശീയമാധ്യമങ്ങളില്‍ വരെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ വരുന്നുണ്ട്. ഫാതിമ നഷ്ടമായി. എന്നാല്‍ ഇനിയും നമ്മുടെ മക്കള്‍ വലിയ സ്വപ്നങ്ങളോടെ, അവരുടെ സ്വന്തം കഴിവിന്റെ മാത്രം തിളക്കത്തില്‍, കരുത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടും. എന്നാല്‍ അവിടെ പതിയിരിക്കുന്ന കൊടുംവിഷവിത്തുകള്‍ നമ്മുടെ മക്കള്‍ക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കില്‍ ഏതുതരം രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു.

മതവര്‍ഗീയത വെച്ചുപുലര്‍ത്തുന്നവര്‍ക്ക് എല്ലാ പിന്തുണയും ലഭ്യമാകുന്ന ഈ കാലത്ത് ഇത്തരക്കാര്‍ക്ക് ഏത് സ്ഥാപനങ്ങളിലും കയറിപ്പറ്റാനും അവിടെ വാഴാനും എല്ലാ സൗകര്യങ്ങളും ഉണ്ടാകും. മൊബൈലിലെ ചെറു നോട്ടില്‍ ഫാതിമ മരണകാരണം വ്യക്തമാക്കുന്നതായി കാണാം. കൂടാതെ വിശദാംശങ്ങള്‍ നോട്ട്പാഡിലുണ്ടെന്നും പറയുന്നു. ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്.

ചെന്നൈ ഐഐടിയിൽ രണ്ടു വർശങ്ങളിലായി കൊല്ലം മുണ്ടയ്ക്കൽ സ്വദേശി ഉൾപ്പടെ ഏഴ് വിദ്യാർത്ഥികൾ ആത്‍മഹത്യ ചെയ്തിരുന്നു. ഫത്തിമ്മ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ ആദ്യപകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ ആവശ്യപ്പെട്ടു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.