ശബരിമല യുവതീ പ്രവേശനം : പുനഃപരിശോധനാ ഹര്‍ജികളില്‍ ഇന്ന് സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളില്‍ ഇന്ന് രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെടുന്ന ഭരണഘടനാ ബെഞ്ച് വിധിപറയുന്നു.

2018 സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് യോജിച്ചു. എന്‍.എസ്.എസും തന്ത്രിയും മറ്റും യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടിരുന്നത്. യുവതീ പ്രവേശനം അനുവദിച്ച ബെഞ്ചില്‍ രഞ്ജന്‍ ഗൊഗോയ് ഇല്ലായിരുന്നു.

ആ ബെഞ്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കൊപ്പം യുവതീ പ്രവേശനത്തെ അനുകൂലിച്ചവരാണ് എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍. ഇന്ദുമല്‍ഹോത്ര മാത്രമാണ് യുവതീ പ്രവേശനത്തെ എതിര്‍ത്തത്. അതേ സമയം ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയില്‍ കേട്ടത്. മറ്റു കക്ഷികള്‍ വാദം എഴുതി നല്‍കി.

 

Comments are closed.