ശബരിമലയുമായി ബന്ധപ്പെട്ട 65 ഹര്‍ജികള്‍ കോടതിയില്‍

ന്യൂഡല്‍ഹി : ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹര്‍ജികളും റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികള്‍ കോടതിയിലെത്തി.

തന്ത്രി കണ്ഠരര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോന്‍, പി.സി. ജോര്‍ജ്, രാഹുല്‍ ഈശ്വര്‍ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 റിവ്യൂ ഹര്‍ജികളും വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ പ്രസിഡന്റ് ശൈലജ വിജയന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളി സംഘ് എന്നിവര്‍ റിട്ട് ഹര്‍ജിയും നല്‍കി.

ഹൈക്കോടതിയിലെ ശബരിമല ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികള്‍, വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വംബോര്‍ഡ് നല്‍കിയ ഹര്‍ജി തുടങ്ങിയവയുമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ യുവതീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി സ്ത്രീകളുടെ അന്തസും സ്വാതന്ത്ര്യവും തുല്യതയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് വാദിച്ച് പുനഃപരിശോധനാ ഹര്‍ജികളെ എതിര്‍ത്ത് ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പ്രവേശനം നടത്താന്‍ ശ്രമിച്ച രേഷ്മയും ഷനിലയും കോടതിയെ സമീപിച്ചിരുന്നു.

Comments are closed.