അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരം സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ ടീമുകള്‍

അബുദാബി: ദോഹയില്‍ ഈ മാസം 24 മുതല്‍ ഡിസംബര്‍ ആറ് വരെ നടക്കാനിരിക്കുന്ന 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ ടീമുകള്‍ പങ്കെടുക്കുന്നതാണ്. ഒമാന്‍, ഇറാഖ്, യെമന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ മാത്രമായിരുന്നു നേരത്തെ പങ്കെടുക്കുമെന്ന് അറിയിച്ചത്.

എന്നാല്‍ സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള ടീമുകള്‍ കൂടി പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ മത്സരങ്ങളുടെ സമയക്രമം പുതുക്കി തീരുമാനിക്കും. 2017ലാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരെ നയതന്ത്ര ഉപരോധം പ്രഖ്യാപിച്ചത്. ഗള്‍ഫ് കപ്പ് മത്സരത്തില്‍ സൗദി അറേബ്യ മൂന്ന് തവണ ചാമ്പ്യന്മാരായി. 2003ലായിരുന്നു സൗദിയുടെ അവസാന ജയം.

Comments are closed.