ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഉഗ്രന്‍ ലീഡുമായി ഇന്ത്യ

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഉഗ്രന്‍ ലീഡുമായി ഇന്ത്യ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 150 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സെന്ന നിലയിലും 60 റണ്‍സുമായി രവീന്ദ്ര ജഡേജയും 25 റണ്ണോടെ ഉമേഷ് യാദവും ക്രീസില്‍.

നാലു വിക്കറ്റും മൂന്ന് ദിവസും ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 343 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര(54) അലസമായ ഡ്രൈവിന് ശ്രമിച്ച് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി(0) പൂജ്യത്തിലെത്തി. തുടര്‍ച്ചയായി രണ്ട് വിക്കറ്റ് വീണെങ്കിലും പ്രതിരോധത്തിലേക്ക് വലിയാതെ ആഞ്ഞടിച്ച രഹാനെ-മായങ്ക് സഖ്യം ഇന്ത്യക്ക് വീണ്ടും മേല്‍ക്കൈ നല്‍കി.

നാലാം വിക്കറ്റില്‍ 190 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 86 റണ്‍സെടുത്ത രഹാനെ അര്‍ഹിക്കുന്ന സെഞ്ചുറിക്ക് 14 റണ്‍സകലെ വീണെങ്കിലും മായങ്ക് സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും നേടി ഇന്ത്യയെ രക്ഷപ്പെടുത്തി. മായങ്ക് പുറത്തായശേഷം ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹ(12)യ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ ഉമേഷ് യാദവ് 10 പന്തില്‍ 25 റണ്‍സുമായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ രണ്ടാം ദിനം മാത്രം ഇന്ത്യ 400 റണ്‍സ് അടിച്ചു. ബംഗ്ലാദേശിനായി അബു ജെയ്ദ് നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.

Comments are closed.