ശബരിമല റിവ്യൂ, റിട്ട് ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് മാറ്റിവയ്ക്കാന്‍ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി തീരുമാനിച്ചു

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഏഴംഗ വിശാലബെഞ്ച് രൂപീകരിക്കാനും ഇതില്‍ നിന്ന് ഉത്തരങ്ങള്‍ കിട്ടുന്നതുവരെ ശബരിമല റിവ്യൂ, റിട്ട് ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് മാറ്റിവയ്ക്കാന്‍ ഇന്നലെ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി തീരുമാനിച്ചു.

എന്നാല്‍ നിലവിലെ വിധി സ്റ്റേ ചെയ്തിട്ടില്ല. വിശ്വാസത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടാം, മതപരമായ കാര്യത്തില്‍ മതത്തിനു പുറത്തുള്ളയാളുടെ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാമോ തുടങ്ങി ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ഏഴു ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞത്.

കൂടാതെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന 1965- ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം(ബി) വകുപ്പ് ശബരിമലയ്ക്ക് ബാധകമാണോയെന്ന് ആവശ്യമെങ്കില്‍ വിശാല ബെഞ്ചിന് പരിശോധിക്കാമെന്നും വിധിയില്‍ വ്യക്തമാക്കി.

ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിക്കുന്ന പാഴ്‌സി സ്ത്രീകള്‍ക്കെതിരായ ആരാധനാലയ പ്രവേശന വിലക്ക്, ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മത്തിനെതിരായ ഹര്‍ജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധമുണ്ട്. അടുത്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് വിശാല ബെഞ്ച് രൂപീകരിക്കുന്നത്.

Comments are closed.