കേരള സര്‍വകലാശാലയില്‍ മോഡറേഷന്റെ മറവില്‍ വന്‍ മാര്‍ക്ക് തട്ടിപ്പ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ മോഡറേഷന്റെ മറവില്‍ വന്‍ മാര്‍ക്ക് തട്ടിപ്പ്. നൂറിലധികം കുട്ടികളെ മോഡറേഷന്റെ മറവില്‍ 132 മാര്‍ക്ക് വരെ കൂട്ടിയിട്ടാണ് തോറ്റ വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിച്ചത്. തുടര്‍ന്ന് പരീക്ഷാവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.ആര്‍.രേണുകയെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തു.

പരീക്ഷാ ജോലികളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറില്‍ കയറിയാണ് മാര്‍ക്ക് കൂട്ടിയിട്ട് വേണ്ടപ്പെട്ടവരെ കൂട്ടത്തോടെ ജയിപ്പിച്ചത്.കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സംശയം തോന്നി നല്‍കിയ പരാതിയിലാണ് തട്ടിപ്പ് പുറത്തായത്. അതീവ സുരക്ഷിതത്വത്തോടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യേണ്ട പാസ്വേര്‍ഡ് ഉപയോഗിച്ച് പരീക്ഷാ വിഭാഗത്തിലെ ചില ജീവനക്കാരാണ് കൃത്രിമം നടത്തിയത്.

ഇവരുടെ പാസ്വേര്‍ഡ് മാറ്റി നല്‍കാതെ പഴയ പാസ്വേര്‍ഡ് ഉപയോഗിച്ചാണ് കൃത്രിമം നടത്തിയത്.എല്‍.എല്‍.ബി, ബിടെക് ഉത്തരക്കടലാസുകളുടെ റീവാലുവേഷനിലും സമാന രീതിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. 2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ ബി.എ, ബികോം, ബി.ബി.എ, ബി.സി.എ തുടങ്ങി 16 പരീക്ഷകളിലാണ് ക്രമക്കേടു നടന്നത്.

ഇത്രയും പരീക്ഷകള്‍ക്കായി 76 മാര്‍ക്ക് മോഡറേഷന്‍ നല്‍കാനായിരുന്നു ബോര്‍ഡിന്റെ ശുപാര്‍ശ. അതിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിച്ചു. എന്നിട്ടും ജയിക്കാത്തവരെ ജയിപ്പിക്കാനാണ് ചില ജീവനക്കാര്‍ 132 മാര്‍ക്ക് കൂട്ടി നല്‍കിയത്.

Comments are closed.