സ്വത്ത് തട്ടിയെടുത്ത ശേഷം മകള്‍ വീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി

ഇടുക്കി : ഇടുക്കി ഇരട്ടയാള്‍ സ്വദേശിയായ മേരി എന്ന വൃദ്ധയായ അമ്മയെ സ്വത്ത് തട്ടിയെടുത്ത ശേഷം മകള്‍ വീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കള്‍ക്ക് തുല്യമായി വീതിച്ചു കൊടുത്തു. ഒടുക്കം 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്റെ പേരില്‍ വെച്ചു. മരണ ശേഷം അതും മക്കള്‍ക്ക് കൊടുക്കാനായിരുന്നു മേരി തീരുമാനിച്ചത്.

എന്നാല്‍ പെണ്‍മക്കളില്‍ മൂത്തവളായ സാലി പട്ടയത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വെള്ളപേപ്പറില്‍ മേരിയെക്കൊണ്ട് ഒപ്പിട്ടു വാങ്ങി. പിന്നീടാണ് സ്ഥലവും വീടും തട്ടിയെടുത്തതാണെന്ന് മനസിലായത്. ഇത് ചോദ്യം ചെയ്തതോടെ മേരിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. തൊട്ടടുത്തായി മറ്റു മക്കള്‍ ഉണ്ടെങ്കിലും മൂത്ത മകള്‍ക്ക് സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയില്‍ അവരും കയ്യൊഴിയുകയായിരുന്നു. നീതിക്കായി കളക്ടര്‍ക്കും പോലീസിനും പതാതി നല്‍കിയിരിക്കുകയാണ് അമ്മ.

Comments are closed.