ശബരിമല ദര്‍ശനത്തിനെത്തിയ പത്ത് ആന്ധ്ര യുവതികളെ പ്രായം പരിശോധിച്ച ശേഷം പമ്പയില്‍ നിന്ന് തിരിച്ചയച്ചു

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ പത്ത് ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളുടെ പ്രായം പരിശോധിച്ച ശേഷം പമ്പയില്‍ നിന്ന് തിരിച്ചയച്ചു. ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന യുവതികളെ കണ്ടപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പ്രായം പരിശോധിക്കുകയും തുടര്‍ന്ന് പോലീസ് സ്ത്രീകളെ ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ഇവരുടെ പ്രായം വ്യക്തമായതിന് പിന്നാലെ ശബരിമലയിലേക്ക് പോകാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നിര്‍ദേശം അനുസരിച്ച് യുവതികള്‍ എതിര്‍പ്പുകളൊന്നും ഉയര്‍ത്താതെ മടങ്ങുകയുമായിരുന്നു.

തുടര്‍ന്ന് സംഘം നിലയ്ക്കലിലേക്ക് മടങ്ങുകയും സംഘത്തിലെ മറ്റുള്ളവര്‍ സന്നിധാനത്തേക്ക് പോകുകയുമായിരുന്നു. സുപ്രീംകോടതിവിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതിപ്രവേശം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

അതിനാല്‍ നിലയ്ക്കല്‍ വരെയാണ് തീര്‍ത്ഥാടകവാഹനം അനുവദിച്ചിട്ടുള്ളത്. നിലയ്ക്കലില്‍ വാഹനം പാര്‍ക്കുചെയ്ത് നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസില്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയിലെത്താവുന്നതാണ്. പമ്പയില്‍ സ്ത്രീകളായ ഭക്തരുടെ മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷമാണ് മലകയറാന്‍ പോലീസ് അനുവദിക്കുന്നത്. എന്നാല്‍ മറ്റു നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

Comments are closed.