ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്സയെ തിരഞ്ഞെടുത്തു

കൊളംബോ: ശ്രീലങ്കയില്‍ ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഗോതാബായ രാജപക്സയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രാജ്യത്തെ ഭൂരിപക്ഷമായ സിംഹള ബുദ്ധിസ്റ്റുകളുടെ പിന്തുണയോടെയാണ് ഗോതാബായ രാജപക്സെ പ്രസിഡന്റു പദവിയിലേക്ക് വന്നത്.

ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുഖ്യ എതിരാളിയായ സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി. എന്നാല്‍ അന്തിമവിധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്പുലികളെ ഇല്ലാതാക്കാന്‍ മുന്നിട്ട് നിന്ന ഗോതാബായ രാജപക്സെ ആഭ്യന്തരയുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു.

രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ 269 പേര്‍ക്കു ജീവന്‍ നഷ്ടമായതിനു പിന്നാലെ ഏഴു മാസങ്ങള്‍ക്കു ശേഷമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. അധികാരത്തിലെത്തിയാല്‍ ഭീകരവാദത്തിനെതിരെ പൊരുതുമെന്നും ആഭ്യന്തരസുരക്ഷ ഏറ്റവും പ്രാധാന്യമുളള വിഷയമാക്കുമെന്നും ഗോതാബായ പ്രഖ്യാപിച്ചിരുന്നു.

Comments are closed.