അയോധ്യാ കേസ് വീണ്ടും കോടതിയിലേക്ക്

ന്യൂഡൽഹി: അയോധ്യ വിഷത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ മുസ്ലീം വ്യക്തിനിയമ ബോർഡ് യോഗത്തിൽ തീരുമാനം. മസ്ജിദ് നിർമാണത്തിനായി നൽകിയ അഞ്ചേക്കർ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം. ഇക്കാര്യത്തിൽ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോർഡ് വ്യക്തമാക്കി.

മുസ്ലീം വ്യക്തിനിയമ ബോർഡ് ഈ കേസിൽ കക്ഷിയല്ല. പക്ഷെ മുസ്ലീം വിഭാഗത്തിലുള്ള എട്ട് കക്ഷികൾ ഈ കേസിന്റെ ഭാഗമായിട്ടുണ്ട്. ഇതിൽ രണ്ട് കക്ഷികളായ മുഹമ്മദ് ഹാഷിം അൻസാരിയും മുസ്ലീം വഖഫ് ബോർഡും കേസിൽ പുനഃപരിശോധന ഹർജിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

മറ്റ് ആറ് കക്ഷികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നീക്കത്തിലേക്കാണ് ഇപ്പോൾ മുസ്ലീം വ്യക്തിനിയമബോർഡ് പോകുന്നതെന്ന് ബോർഡ് സെക്രെട്ടറി സഫറയാബ് ജീലാനി പറഞ്ഞു. സമുദായത്തിന്റെ താൽപര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചർച്ചയാണ് യോഗത്തിലുയർന്നത്.

സുപ്രീം കോടതി വിധി പ്രകാരം നൽകാമെന്ന് പറഞ്ഞിരിക്കുന്ന അഞ്ചേക്കർ ഭൂമി വേണ്ടെന്ന് വെക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി. ഇതോടെ അയോധ്യ വിഷയത്തിലെ കോടതി നടപടികൾ ഇനിയും തുടരാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.