സുപ്രീംകോടതിതി ജഡ്ജിയായ ജസ്റ്റിസ് ആര്‍.ഭാനുമതി കൊളീജിയത്തില്‍ അംഗമായി

ന്യൂഡല്‍ഹി : സുപ്രീംകോടതി മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ആര്‍.ഭാനുമതി കൊളീജിയത്തില്‍ അംഗമായി. 64 വയസു കഴിഞ്ഞ ഭാനുമതി ഒന്‍പത് മാസമാണ് കൊളീജിയത്തിലുണ്ടാകുന്നത്. 2020 ജൂലായ് 19ന് വിരമിക്കും. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു വനിതാ ജഡ്ജി കൊളീജിയം അംഗമാകുന്നത്.

ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാരെയും സുപ്രീംകോടതി ജഡ്ജിമാരെയും നിയമിക്കാനും സ്ഥലംമാറ്റാനും ശുപാര്‍ശ നല്‍കുന്നത് കൊളീജിയമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇന്നലെ വിരമിച്ചതോടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ നിരയില്‍ ജസ്റ്റിസ് ആര്‍.ഭാനുമതി അഞ്ചാമത് എത്തിയതോടെയാണ് കൊളീജിയത്തില്‍ അംഗമായി മാറിയത്.

ഇന്ന് ചീഫ്ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ്മാരായ എന്‍.വി രമണ, അരുണ്‍ മിശ്ര, രോഹിന്റണ്‍ നരിമാന്‍ എന്നിവരാണ് മറ്റുള്ള നാലുപേര്‍. 2006ല്‍ വിരമിച്ച ജസ്റ്റിസ് റുമ പാല്‍ ആണ് അവസാനം കൊളീജിയം അംഗമായ വനിത. അവര്‍ മൂന്ന് വര്‍ഷം കൊളീജിയം അംഗമായിരുന്നു. സുപ്രീംകോടതിയില്‍ മൂന്നു വനിതാ സിറ്റിംഗ് ജഡ്ജിമാരുണ്ടാകുന്നത് ആദ്യമാണ്.

മുതിര്‍ന്ന സിറ്റിംഗ് ജഡ്ജിമാരില്‍ ആദ്യത്തെ മൂന്ന് പേരില്‍ ജസ്റ്റിസ് ഭാനുമതി എത്തില്ല. സീനിയോറിറ്റി ക്രമത്തില്‍ മുന്നിലുള്ള മറ്റു നാലു ജഡ്ജിമാരും ഭാനുമതിക്ക് ശേഷമാണ് വിരമിക്കുന്നത്. ഭാനുമതി വിരമിക്കുമ്പോള്‍ ജസ്റ്റിസ് യു. യു ലളിത് കൊളീജിയം അംഗമാകുംസുപ്രീംകോടതിയിലെ 34 ജഡ്ജിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് വനിതകള്‍. ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിരബാനര്‍ജി എന്നിവരാണ് മറ്റ് രണ്ടുപേര്‍.

Comments are closed.