ശബരിമല ചെറുവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി : ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്നാവശ്യപ്പെട്ട് റിട്ട. ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. എന്നാല്‍ ഭക്തരുടെ ചെറുവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍.

എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ പറയട്ടേയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. എന്നാല്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ ചെറുവാഹനങ്ങള്‍ അനുവദിച്ചു കൂടേയെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.

ഭക്തരെ പരമാവധി സഹായിക്കുന്ന നിലപാടല്ലേ വേണ്ടത്? 2017 വരെ അനുവദിച്ച സൗകര്യങ്ങള്‍ നല്‍കിക്കൂടേ ? ക്രമസമാധാന പ്രശ്‌നം എന്തെങ്കിലുമുണ്ടായാല്‍ പൊലീസിന് കോടതിയെ സമീപിക്കാമല്ലോ? ശബരിമലയിലേക്ക് ഭക്തര്‍ ഒഴുകുകയാണ് വേണ്ടതെന്നും ദേവസ്വം ബെഞ്ച് വാക്കാല്‍ പറഞ്ഞു.

ജില്ലാ പൊലീസ് സൂപ്രണ്ട് നല്‍കിയ സ്റ്റേറ്റ്‌മെന്റ് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടേയെന്നും പറഞ്ഞു. അതേസമയം പ്രളയത്തെത്തുടര്‍ന്ന് പമ്പ, ഹില്‍ടോപ്പ് തുടങ്ങി മുമ്പ് പാര്‍ക്കിംഗ് അനുവദിച്ച മേഖലകള്‍ തകര്‍ന്ന നിലയിലാണെന്നും ഇവിടെ പാര്‍ക്കിംഗ് അനുവദിക്കാന്‍ കഴിയില്ലെന്നും പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് ഹൈക്കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി.

Comments are closed.