പരീക്ഷകളിൽ വൺ ടൈം പാസ് വേർഡ് നിർബന്ധമാക്കി; പി.എസ്.സി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ സുരക്ഷ ഉറപ്പാക്കാൻ പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാര്‍ഥികൾക്ക് വൺ ടൈം പാസ് വേർഡ് (ഒ.ടി.പി) നിർബന്ധമാക്കുന്നു. ‌ഇതിനായി 10 മിനിട്ട് നേരത്തേക്ക് സാധുതയുള്ള ഒ.ടി.പി അനുവദിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.

പി.എസ്.സി.പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ വേണ്ടിയാണ് വൺ ടൈം പാസ് വേർഡ് (ഒ.ടി.പി) നിർബന്ധമാക്കുന്നത്. വിവിധ പൊലീസ് ബറ്റാലിയനുകളിലെ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്കു നിയമന ശുപാർശ ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ ബയോമെട്രിക് പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനമുണ്ട്.

ബയോമെട്രിക് പരിശോധനയ്ക്കു ശേഷം 21, 22 തീയതികളില്‍ ഇവർക്ക് നേരിട്ടു നിയമന ശുപാർശ കൈമാറും. ഇതിലേക്കായി ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈല്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നും പി.എസ്.സി അറിയിച്ചു.ഒറ്റത്തവണ പ്രമാണ പരിശോധന, നിയമന പരിശോധന, ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവ നടത്തുന്ന സന്ദര്‍ഭങ്ങളില്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് പരിശോധനാ സംവിധാനത്തിലൂടെ ഉദ്യോഗാര്‍ഥികളുടെ തിരിച്ചറിയല്‍ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.