ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് സംബന്ധിച്ച് നിര്‍ണ്ണായക ചര്‍ച്ച ഇന്ന്

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായി ഇന്ന് രാവിലെ 10.30 ന് ില്ലിയിലെ ശാസ്ത്രി ഭവനില്‍ നിര്‍ണ്ണായക ചര്‍ച്ച നടക്കും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം നടക്കുകയാണ്.

ജെഎന്‍യുവിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം നടത്തുമെന്നും അന്ധവിദ്യാര്‍ത്ഥികളെ അടക്കം തല്ലി ചതച്ച പൊലീസിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐക്ഷി ഘോഷ് പറഞ്ഞു. വിദ്യാര്‍ത്ഥി യൂണിയന്‍ കൗണ്‍സിലര്‍ കൂടിയായ ശശിഭൂഷണന്‍ തന്റെ അന്ധതയെ വെല്ലുവിളിച്ചാണ് ജെഎന്‍യുവില്‍ പഠനത്തിനെത്തിയത്.

സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും പഠനത്തിലും സമരങ്ങളിലും സജീവമാണ്. ഇന്നലെ പൊലീസിന്റെ ഉന്തിലും തള്ളിലും റോഡില്‍ വീണ ശശിഭൂഷണെ പൊലീസുകാര്‍ തല്ലുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. റോഡില്‍ നിന്ന് എടുത്തു മാറ്റന്‍ ശ്രമിച്ച സുഹൃത്തുക്കളെ മര്‍ദ്ദിച്ചു. ശശിഭൂഷണ്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളോട് പൊലീസ് കാണിച്ച ക്രൂരതയെ നിയമപരമായി നേരിടാനാണ് വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരിക്കുകയാണ്.

മുന്‍ യുജിസി ചെയര്‍മാന്‍ വി എസ് ചൗഹാന്‍ അടങ്ങിയ സമിതിയുമായിട്ടാണ് ചര്‍ച്ച നടക്കുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. നേരത്തെ സമരത്തെ തുടര്‍ന്ന് ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിരുന്നു. അതേസമയം ഫീസ് വര്‍ധനവില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനിച്ചിരിക്കുന്നത്.

Comments are closed.