ഗുണ്ടകളുടെ മര്‍ദനത്തിനെതിരെ പരാതി നല്‍കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ട് സ്റ്റേഷൻ പരിസരം ശുദ്ധീകരിപ്പിച്ച് പോലീസ്.

കൊല്ലം: ഗുണ്ടകളുടെ മര്‍ദനത്തിനെതിരെ പരാതി നല്‍കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ട് സ്റ്റേഷൻ പരിസരം ശുദ്ധീകരിപ്പിച്ച് പോലീസ്.
കൊല്ലം അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം.ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അഞ്ചലിലെ ഗുണ്ടാസംഘം തൊഴിലാളികളെ അവരുടെ താമസ സ്ഥലത്ത് കയറി ക്രൂരമായി മര്‍ദിച്ചിരുന്നു.

ഇതിനെതിരെ തൊഴിലാളികള്‍ അഞ്ചൽ സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസ് എടുത്തിരുന്നില്ല. കേസ് എടുക്കാത്തതിന്റെ കാരണം തേടി അടുത്തദിവസം രാവിലെ തൊഴിലാളികള്‍ പോലീസ് സ്‌റ്റേഷനിലെത്തി.
ഇതിൽ പ്രകോപിതരായ പോലീസ് പരാതിക്കാരായ തൊഴിലാളികളെ കൊണ്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ സ്റ്റേഷനില്‍ ജോലിയെടുപ്പിച്ചു.

സ്റ്റേഷനും പരിസരവും വൃത്തിയാക്കാന്‍ നിര്‍ബന്ധിതരായ തൊഴിലാളികള്‍ക്ക് കൂലി പോലും നല്‍കാതെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.
അഞ്ചല്‍ പോലീസിന്റെ നടപടിക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.