തെലുങ്കാന എംഎല്‍എ രമേഷ് ചെന്നാമനേനിയുടെ പൗരത്വം റദ്ദാക്കി

ന്യൂഡല്‍ഹി: ജര്‍മ്മന്‍ പൗരനായ തെലുങ്കാന എംഎല്‍എ രമേഷ് ചെന്നാമനേനി വിവരങ്ങള്‍ മറച്ചുവച്ചും തെറ്റായ വിവരങ്ങള്‍ കാണിച്ചും ഇന്ത്യന്‍ പൗരത്വം എടുത്തതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബുധനാഴ്ച എംഎല്‍എയുടെ പൗരത്വം റദ്ദാക്കിയതായുള്ള 13 പേജുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.

പൗരത്വ ചട്ടപ്രകാരം ഒരാള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ അപേക്ഷ നല്‍കുന്നതിന് മുന്‍പ് ചുരുങ്ങിയത് 12 മാസമെങ്കിലും ഇന്ത്യയില്‍ ഉണ്ടായിരിക്കണമെന്നുണ്ട്. ചട്ടലംഘനം ഉന്നയിച്ച് രമേശിനെതിരെ മത്സരിച്ച പ്രാദേശിക നേതാവ് ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.

തുടര്‍ന്ന് 2017 ല്‍ ഇയാളുടെ പൗരത്വം റദ്ദാക്കിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്യുകയും ആഭ്യന്തര മന്ത്രാലയം നടപടി പുനപരിശോധനക്ക് വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ജൂലൈയില്‍ കേസ് ഹൈക്കോടതി തള്ളി. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം പൗരത്വം വീണ്ടും റദ്ദാക്കുകയായിരുന്നു.

തെലുങ്കാന ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രസമിതിയുടെ എംഎല്‍എയാണ് രമേഷ് ചെന്നാമനേനി. തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് സി.എച്ച്. രാജശേഖര്‍ റാവുവിന്റെ മകനാണ് രമേശ്. 1990ല്‍ ജര്‍മ്മനിയിലേക്ക് പോയ ഇദ്ദേഹം 1993ല്‍ ജര്‍മ്മന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു. പിന്നീട് 2008ല്‍ അദ്ദേഹം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യന്‍ പൗരത്വം നേടുകയും ചെയ്തു. വൈകാതെ 2009ല്‍ വെമുലവാദയില്‍ നിന്നും മത്സരിച്ച് ജയിച്ച് അദ്ദേഹം എംഎല്‍എയാവുകയായിരുന്നു.

Comments are closed.