വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി : വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ മരിച്ച കേസില്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

അന്വേഷണത്തിന്റെ തുടക്കത്തിലെ വീഴ്ച വിചാരണയെ ബാധിച്ചെന്നും, വാളയാര്‍ പൊലീസ് ഗൗരവത്തോടെ കേസ് അന്വേഷിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നെന്നും രക്ഷിതാക്കള്‍ ഉള്‍പ്പെടെ നല്‍കിയ മൊഴികള്‍ നേരിട്ടുള്ള തെളിവുകള്‍ പോലെ ബലമുള്ളതാണ് എന്നതിനു പുറമെ, സാഹചര്യ തെളിവുകള്‍ ഉണ്ടായിരുന്ന കാര്യവും അപ്പീലില്‍ പറയുന്നു.

കൂടാതെ കുട്ടികളുടെ അമ്മയും ഭര്‍ത്താവും നല്‍കിയ ദൃക്സാക്ഷി മൊഴികള്‍ തള്ളിക്കളഞ്ഞതും,സാക്ഷിമൊഴികള്‍ കൃത്രിമ സ്വഭാവത്തിലുള്ളതാണെന്ന് വിലയിരുത്തിയതും പ്രതികളില്‍ ഒരാളുടെ പേര് പെണ്‍കുട്ടി പറഞ്ഞെന്ന സാക്ഷിമൊഴി കണക്കിലെടുക്കാതിരുന്നതുമാണ് അപ്പീലില്‍ പറയുന്നത്.

പതിമൂന്നും ഒമ്പതും വീതം വയസുള്ള പെണ്‍കുട്ടികളെ പ്രതികള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കിയെന്നും, പീഡനം സഹിക്കാനാവാതെ കുട്ടികള്‍ തൂങ്ങിമരിച്ചെന്ന കേസില്‍ പ്രദീപ് കുമാര്‍, വലിയ മധു, കുട്ടി മധു, ഷിബു എന്നിവരാണ് പ്രതികള്‍. പ്രതികള്‍ക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഓരോന്നിലുമായി സര്‍ക്കാര്‍ നല്‍കിയ ആറ് അപ്പീലുകള്‍ കോടതി ഇന്ന് പരിഗണിക്കുന്നതാണ്. പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കി തുടരന്വേഷണത്തിനും പുനര്‍വിചാരണയ്ക്കും ഉത്തരവിടണമെന്നാണ് അപ്പീല്‍. പെണ്‍കുട്ടികളുടെ അമ്മയുടെ അപ്പീലും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

Comments are closed.