ആര്‍.കെ.ഡബ്ല്യൂ ഡെവലപ്പേഴ്സ് ലിമിറ്റഡില്‍ നിന്നും ബിജെപി പത്തു കോടി കൈപ്പറ്റിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനത്തിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുമായ അന്തരിച്ച ഇഖ്ബാല്‍ മേമന്‍ എന്ന ഇഖ്ബാല്‍ മിര്‍ച്ചിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റിന്റെ അന്വേഷണം നേരിടുന്ന ആര്‍.കെ.ഡബ്ല്യൂ ഡെവലപ്പേഴ്സ് ലിമിറ്റഡില്‍ നിന്നും ബിജെപി പത്തു കോടി കൈപ്പറ്റിയതായി വിവരം.

എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് നടത്തിയ അന്വേഷണത്തില്‍ ഇക്ബാല്‍ മിര്‍ച്ചിയുമായി ഇടപാടുകള്‍ നടത്തിയതിലും സ്വത്തുക്കള്‍ വാങ്ങിയതിലും ആര്‍.കെ.ഡബ്ല്യു ഡെവലപ്പേഴ്‌സ് ലിമിറ്റഡ് പ്രധാന പങ്ക് വഹിച്ചിരുന്നു. മിര്‍ച്ചിയും കമ്പനികളും തമ്മിലുള്ള ഇടപാടിന് ഏജന്റ് ആയ രഞ്ജിത് ബിന്ദ്രയെ അധോലോകത്തിന് വേണ്ടി ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

മിര്‍ച്ചി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മില്ലേനിയം ഡവലപ്പേഴ്സ്, സണ്‍ബ്ലിങ്ക് എന്നിവ തമ്മിലുള്ള സ്വത്ത് ഇടപാടുകള്‍ സംബന്ധിച്ചായിരുന്നു എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം. ആര്‍.കെ.ഡബ്ല്യു ഡെവലപ്പേഴ്സ് മിര്‍ച്ചിയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കിയെന്നും ബിന്ദ്ര 30 കോടി രൂപ കമ്മീഷന്‍ പറ്റിയെന്നും എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കുന്നു.

Comments are closed.