ഓസ്ട്രേലിയയില്‍ കഫെയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന പൂര്‍ണ്ണ ഗര്‍ഭിണിയ്ക്കു നേരെ ആക്രമണം

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ബുധനാഴ്ച കഫെയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന പൂര്‍ണ്ണ ഗര്‍ഭിണിയ്ക്കു നേരെ ആക്രമണം. സ്റ്റിപ് ലാസിന (43) ആണ് 38 ആഴ്ച ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ചത്. തട്ടം ധരിച്ച മൂന്നു സ്ത്രീകള്‍ കഫെയില്‍ സംസാരിച്ചുകൊണ്ടിരിക്കേയാണ് പ്രകോപനമൊന്നുമില്ലാതെ സ്ഥലത്തേക്കു വന്ന ഒരാള്‍ ഇവരുമായി തര്‍ക്കമുണ്ടാക്കുകയും 31കാരിയെ ഇടിച്ചുവീഴ്ത്തുകയും നിലത്തുവീണ യുവതിയെ ഇയാള്‍ ചവിട്ടുകയുമായിരുന്നു.

യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ ഇസ്ലാമിക വിരുദ്ധ പരാമര്‍ശം നടത്തിയ ശേഷമാണ് അയാള്‍ ആക്രമിച്ചത്. ഇത്തരം വംശീയ, ഇസ്ലാംവിരുദ്ധ ആക്രമണങ്ങള്‍ തങ്ങള്‍ നിരന്തരം നേരിടുകയാണെന്നും ഓസ്ട്രേലിയയിലെ പ്രമുഖ ഇസ്ലാമിക സംഘടനയായ ഓസ്ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സില്‍ പറഞ്ഞു. മറ്റുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെങ്കിലും കരുത്തനായ ഇയാള്‍ ആക്രമണം തുടര്‍ന്നു.

ഏറെ ശ്രമപ്പെട്ട് കഫെയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റി. പോലീസിനു കൈമാറിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ വിദഗ്ധ പരിശോധനയ്ക്കു ശേഷം വിട്ടു. ആക്രമണത്തിന്റെ കാരണം വിശദീകരിക്കാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു.

Comments are closed.