വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് യാക്കോബായ സഭയുടെ മസ്‌കറ്റ് സുന്നഹദോസ്

മസ്‌കറ്റ്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കിസ് ബാവായുടെ അധ്യക്ഷതയില്‍ മസ്‌കറ്റില്‍ നടന്ന സുന്നഹദോസില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ സഭ പള്ളിയുടെയും സ്വത്തുക്കളുടെയും കാര്യത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനം ഉണ്ടാക്കാമെന്നും അറിയിച്ചു.

സുപ്രീം കോടതി വിധിയിലൂടെ സ്വന്തം ദേവാലയങ്ങള്‍ നഷ്ടപെടുന്ന സാഹചര്യത്തിലും കോടതി വിധിയെ ബഹുമാനിക്കുന്നു. ഇരു വിഭാഗങ്ങളെയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുവാന്‍ പരിശുദ്ധ പാത്രിയര്കിസ് ബാവ പല ശ്രമങ്ങളും ചെയ്തിരുന്നുവെന്നും ഇനിയും പരിശുദ്ധ ബാവ തുടരുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റീ വ്യക്തമാക്കി.

കേരള സര്‍ക്കാരിന്റെയും മറ്റ് ക്രൈസ്തവ സഭകളുടെയും മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കുവാനും സുന്നഹദോസ് തീരുമാനിച്ചു. പരിശുദ്ധ ബാവയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു സുന്നഹദോസില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ആറുപേരും കേരളത്തില്‍ നിന്ന് മുപ്പത്തിയൊന്ന് മെത്രാപ്പോലീത്തമാരും പങ്കെടുത്തു.

ഗള്‍ഫു മേഖലയില്‍ ആദ്യമായിട്ടാണ് ഇതുപോലെ ഒരു സുന്നഹദോസു കൂടിയത്. കേരളത്തില്‍ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി അഞ്ചു പേരടങ്ങുന്ന അഡൈ്വസറി കമ്മറ്റിക്കും രൂപം നല്‍കി. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ഗ്രിഗോറിയോസ് ജോസഫ് ആണ് കമ്മറ്റിയുടെ അധ്യക്ഷന്‍.

Comments are closed.