12 ദിവസത്തെ ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും ഇന്ന് പുറപ്പെടും

തിരുവനന്തപുരം: നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് 12 ദിവസത്തെ ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും ഇന്ന് പുറപ്പെടുന്നു. നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

മന്ത്രിമാരായ ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. തുടര്‍ന്ന് സംഘം നാളെ ജപ്പാനിലേക്ക് യാത്ര തുടങ്ങും. ഒസാക്കയിലും ടോക്കിയോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി, നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോമോഷന്‍ ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. കൂടാതെ എല്‍ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവന്‍മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയാണ്.

എന്നാല്‍ റീബില്‍ഡ് കേരള പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയ് മാസത്തില്‍ 10 ദിവസം യൂറോപ്പ് സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ ഇതുവഴി സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളുണ്ടായിട്ടില്ലെന്നും ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന വേളയിലെ വിദേശ സന്ദര്‍ശനത്തിനെതിരെയും പ്രതിപക്ഷം വിമര്‍ശനവുമായെത്തിയിരിക്കുകയാണ്.

Comments are closed.