പാമ്പുകടിയേറ്റ് പത്തു വയസുകാരി മരിച്ച സംഭവത്തില്‍ കളക്ടറേറ്റും പരിസരവും സമരകേന്ദ്രമായി മാറി

കല്പറ്റ: ബത്തേരി ഗവ. സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രകടനമായെത്തിയ വിവിധ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് എത്തുകയും തടഞ്ഞ പൊലീസുമായുണ്ടായ ഉന്തും തള്ളും ഏറ്റുമുട്ടലായി.

പത്തു വയസുകാരിയായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ അദ്ധ്യാപകര്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് വയനാട് കളക്ടറേറ്റിലേക്ക് ആദ്യം മാര്‍ച്ച് ചെയ്യുകയും പെണ്‍കുട്ടികളടക്കം ഗേറ്റ് ചാടിക്കടന്ന് ഒന്നാംനിലവരെ എത്തുകായായിരുന്നു. തുടര്‍ന്ന് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് പാഞ്ഞുകയറി.

പൊലീസ് തടഞ്ഞതോടെയുണ്ടായ ഉന്തും തളളും കുറച്ചുനേരം നീണ്ടു. പിന്നീട് പ്രക്ഷോഭകര്‍ കളക്ടറേറ്റിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്നു. ഇവരെ നീക്കാനുള്ള ശ്രമത്തിനിടയിലും ഏറ്റുമുട്ടലുണ്ടായി. പൊലീസ് ഒടുവില്‍ ലാത്തി വീശി പ്രക്ഷോഭകരെ പിരിച്ചുവിട്ടു.

തൊട്ടു പിറകെ എം.എസ്.എഫുകാരും എ.ബി.വി.പി പ്രവര്‍ത്തകരും പ്രകടനമായി കളക്ടറേറ്റിലേക്കെത്തി. പൊലീസ് വലയം ഭേദിക്കാന്‍ ഇരുകൂട്ടരും ശ്രമിച്ചതോടെ സംഘര്‍ഷമായി. ലാത്തിപ്രയോഗത്തിലൂടെ പിരിച്ചുവിടുകയും സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേല്‍ക്കുകയുമായിരുന്നു.

Comments are closed.