എന്‍.സി.പി നേതാവ് അജിത് പവാറിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാന്‍ എന്‍.സി.പി

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെ തീരുമാനത്തിന് വിരുദ്ധമായി സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെ ശനിയാഴ്ച രാത്രി അജിത് പവാറിനെ എന്‍.സി.പിയുടെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കുകയും പകരം ജയന്ത് പാട്ടീലിനെ നിയമിക്കുകയുമായിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ മനംമടുത്താണ് തങ്ങള്‍ ബി.ജെ.പിയെ പിന്തുണച്ചതെന്നാണ് അജിത് പവാര്‍ പറയുന്നത്.

അജിത് പവാര്‍ ഉള്‍പ്പെടെ നാല് എന്‍.സി.പി എം.എല്‍.എമാര്‍ ശനിയാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.എന്‍.സി.പി- ശിവസേന- കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ ശരത് പവാറിനൊപ്പം പങ്കെടുത്ത അജിത് പവാര്‍, മണിക്കൂറുകള്‍ക്കകം ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് അജിത് പവാറിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാന്‍ എന്‍.സി.പി. എന്‍.സി.പിയുടെ നിയമസഭാ കക്ഷിനേതാവ് ജയന്ത് പാട്ടീല്‍ അജിത് പവാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായാണ് വിവരം.

കലഹം ഒഴിവാക്കാന്‍ അദ്ദേഹം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ജയന്ത് പാട്ടീല്‍ പറഞ്ഞു. ശരത് പവാര്‍, മകള്‍ സുപ്രിയ സുലെ, അജിത്തിന്റെ സഹോദരന്‍ ശ്രീനിവാസ് പവാര്‍ എന്നിവര്‍ അജിത്തിനെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ശരത് പവാറിന്റെ ചെറുമകനും എന്‍.സി.പി എം.എല്‍.എയുമായ രോഹിത് പവാറും അജിത് പവാറിനോട് ഇതേ ആവശ്യം അറിയിച്ചിരുന്നു.

Comments are closed.