ഏഥര്‍ എനര്‍ജി മറ്റൊരു മോഡല്‍ കൂടി വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി മറ്റൊരു മോഡല്‍ കൂടി വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഏഥര്‍ 450 -നെക്കാളും വില കുറവുള്ള മോഡല്‍ ആയിരിക്കുമെങ്കിലും പെര്‍ഫോമന്‍സ് നിരയിലേക്കാകും പുതിയ സ്‌കൂട്ടറിനെ അവതരിപ്പിക്കുക.

അതേസമയം ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിരയിലേക്ക് ആകില്ല പുതിയ സ്‌കൂട്ടര്‍ എത്തുക. 125 സിസി പെട്രോള്‍ സ്‌കൂട്ടറായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രീമിയം ബൈക്കുകളില്‍ നല്‍കിയിരിക്കുന്ന ടച്ച്‌സ്‌ക്രീന്‍ കണ്‍സോള്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ സ്‌കൂട്ടറില്‍ പ്രതീക്ഷിക്കാം.

അതേസമയം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അധികം വൈകാതെ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് താഴ്ന്ന-സ്പെക്ക് മോഡലായ 340 ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ഉത്പാദനം ഏഥര്‍ നിര്‍ത്തിയത്.

ഏഥര്‍ 450 ആവശ്യക്കാര്‍ കൂടുകയും, ഏഥര്‍ 350 -ന്റെ വില്‍പ്പന ഇടിയുകയും ചെയ്തതോടെയാണ് ഉത്പാദനം നിര്‍ത്തിയതായി കമ്പനി അറിയിച്ചത്. ബംഗളൂരുവില്‍ 1.13 ലക്ഷം രൂപയാണ് ഏഥര്‍ 450 -ന്റെ വില. ബംഗളൂരുവിന് പിന്നാലെ ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയിലും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു.

ബംഗളൂരുവിന് ശേഷം ഏഥറെത്തുന്ന രണ്ടാമത്തെ വിപണിയാണ് ചെന്നൈ. 100 യൂണിറ്റുകളെയാണ് ഇവിടെ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. 1.31 ലക്ഷം രൂപയാണ് ഏഥര്‍ 450 -ന്റെ ചെന്നൈയിലെ ഓണ്‍റോഡ് വില.

പത്ത് ഫാസ്റ്റ് ചാര്‍ജിങ് പോയിന്റുകളാണ് ഏഥറിനായി കമ്പനി ചെന്നൈയില്‍ ഒരുക്കിയിരിക്കുന്നത്. ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഉപഭോക്തക്കള്‍ക്കായി 40-50 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍കൂടി നഗരത്തില്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.

2.4 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ഏഥര്‍ 450 -ന് കരുത്ത് പകരുന്നത്. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബ്രഷ്ലെസ് ഡിസി ഇലക്ട്രിക്ക് മോട്ടോറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

കളര്‍ ടച്ച്‌സ്‌ക്രീന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി, OTA അപ്‌ഡേറ്റുകള്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്പ് മുഖേനയുള്ള വാഹന പരിശോധന തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങള്‍ ഏഥര്‍ 450 സ്‌കൂട്ടറിനുണ്ട്. മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക്ക് യൂണിറ്റുകളാണ് ബ്രേക്കിംഗ് നിറവേറ്റുക. റിവേഴ്‌സ് ഗിയര്‍ മോഡലിന്റെ സവിശേഷതകളാണ്.

ഈ ഇലക്ട്രിക്ക് മോട്ടര്‍ 7.2 bhp കരുത്തും 20.5 Nm torque ഉം സൃഷ്ടിക്കും. മണിക്കൂറില്‍ 88 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിന് 3.9 സെക്കന്‍ഡുകള്‍ മാത്രം മതി.

ചെന്നൈയ്ക്ക് പിന്നാലെ അധികം വൈകാതെ മുംബൈ, ഡല്‍ഹി, പുനെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഏഥര്‍ വിപണി ശൃംഖല വ്യാപിപ്പിക്കും.

ഏഥര്‍ ഡോട്ട് എന്ന പുതിയ ഹോം ചാര്‍ജിങ് പോയിന്റ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. സ്‌കൂട്ടര്‍ വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണിത്. പുതിയ ചാര്‍ജര്‍ ഏഥര്‍ 450 -നൊപ്പം ചെന്നൈയിലും ബാംഗ്ലൂരിലും ലഭ്യമാകും.

Comments are closed.